ലക്‌നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍. ഈമാസം 23ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് രാവിലെ നടന്ന സമാജ്‌വാദി (എസ്.പി) പാര്‍ട്ടി യോഗത്തില്‍ നിന്ന് ഏഴ് എംഎല്‍എമാരാണ് വിട്ടുനിന്നത്. ഇതു അമിത് ഷായുടെ രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണെന്നാണ് നിഗമനം. അതേസമയം എന്തുക്കൊണ്ടാണ് എംഎല്‍എമാര്‍ വിട്ടുനിന്നത് എന്നു വിശദീകരിക്കാന്‍ എസ്പി നേതാവ് അഖിലേഷ് യാദവിന് കഴിഞ്ഞിട്ടില്ല. ഇതോടെ നീണ്ടവര്‍ഷത്തെ വൈരാഗ്യം മറന്ന് കൈക്കോര്‍ത്ത എസ്.പി-ബി.എസ്.പ്ി സ്ഖ്യത്തിന് വലിയ തിരിച്ചടിയാണ് നേരിടുക.

10 രാജ്യസഭാ സീറ്റുകളിലേക്കാണു യുപിയില്‍ തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് ഒന്‍പത്, എസ്പിക്കും ബിഎസ്പിക്കും ഒന്നു വീതം സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 37 അംഗങ്ങളുടെ വോട്ടുവേണം ജയിക്കാന്‍. 311 അംഗങ്ങളുള്ള ബിജെപിക്കു എട്ടു പേരുടെ വിജയം ഉറപ്പാണ്. ബാക്കി രണ്ടു സീറ്റുകളിലാണു പ്രശ്‌നം. ജയിക്കില്ലെന്ന് ഉറപ്പില്ലാതിരുന്നിട്ടും അധികമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുകയാണ് ബിജെപി. 47 അംഗങ്ങളുള്ള എസ്പിക്ക് അവരുടെ സ്ഥാനാര്‍ഥി ജയിക്കുമെന്നുറപ്പാണ്. എന്നാല്‍ 19 സീറ്റുകള്‍ മാത്രമുള്ള ബിഎസ്പിക്കു ജയിക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.

യുപി ഉപതിരഞ്ഞെടുപ്പിനു പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും സഹകരിക്കുമെന്നായിരുന്നു എസ്പി-ബിഎസ്പി ധാരണ. തങ്ങള്‍ക്കു അധികമുള്ള 10 വോട്ട് മായാവതിയുടെ സ്ഥാനാര്‍ഥിക്കു നല്‍കുമെന്ന് അഖിലേഷ് അറിയിച്ചിട്ടുമുണ്ട്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദള്‍ കൂടി പിന്തുണക്കുന്നതോടെ ജയിക്കാമെന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടല്‍. ഈ മോഹങ്ങള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ള എം.എല്‍.എമാരാണ് യോഗത്തില്‍നിന്നു വിട്ടുനിന്നത്.