ആഗ്ര: ചരിത്ര സ്മാരകവും വിനോദ സഞ്ചാര കേന്ദ്രവുമായ ആഗ്രഹയിലെ താജ്മഹലിലേക്കുള്ള പ്രവേശനത്തിന്റെ ഫീസ് വര്‍ധിപ്പിച്ചു. പ്രവേശന ഫീസ് 40-ല്‍ നിന്ന് 50 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം ഈ ടിക്കറ്റില്‍ താജ് പരിസരത്ത് ചെലവഴിക്കാവുന്ന സമയം മൂന്നു മണിക്കൂറായി കുറച്ചു. ശവക്കല്ലറകള്‍ ഉള്‍പ്പെടുന്ന താജിന്റെ ഉള്‍വശത്ത് പ്രവേശിക്കുന്നതിന് 200 രൂപയുടെ പുതിയ ടിക്കറ്റും ഏര്‍പ്പെടുത്തി.

തിരക്ക് കുറക്കാനും താജിനെ സംരക്ഷിക്കാനും വേണ്ടിയാണ് ഈ നീക്കമെന്ന് ഉത്തര്‍പ്രദേശ് സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

‘ഇനി വരാനുള്ള തലമുറക്കു വേണ്ടി താജിനെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. ബാര്‍കോഡുള്ള പുതിയ ടിക്കറ്റിന് 50 രൂപയായിരിക്കും. പ്രധാന ശവക്കല്ലറയില്‍ പ്രവേശിക്കാന്‍ 200 രൂപ അധികം നല്‍കണം. ഈ പ്രദേശത്തിന്റെ സംരക്ഷണത്തിനും തിരക്ക് കുറക്കാനുമാണിത്.’ – മഹേഷ് ശര്‍മ പറഞ്ഞു.

ദേശീയ പരിസ്ഥിതി എഞ്ചിനീയറിങ് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈയിടെയുള്ള പഠന പ്രകാരം, ആളുകളെ ഉള്‍ക്കൊള്ളാനുള്ള താജ്മഹലിന്റെ ശേഷി കുറഞ്ഞു വരുന്നുണ്ട്. സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറക്കുക എന്നത് സ്മാരകം ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍ അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സന്ദര്‍ശകരുടെ എണ്ണം കുറക്കുക എന്നത് പ്രായോഗികമല്ലെന്നും പ്രവേശന ഫീ കൂട്ടിയാല്‍ അനാവശ്യ സന്ദര്‍ശകര്‍ അകന്നു നില്‍ക്കുമെന്നാണ് കരുതുന്നതെന്നും മഹേഷ് ശര്‍മ പറഞ്ഞു. വിദേശ സന്ദര്‍ശകര്‍ക്ക് പ്രത്യേകമായ സന്ദര്‍ശന വഴിയും സൗകര്യങ്ങളും ആഗ്രയില്‍ ഒരുക്കുന്നുണ്ട്.