വാഷിങ്ടണ്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള യു.എസ്-റഷ്യ ആണവായുധ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുന്നു. ആണവായുധങ്ങളുടെ വ്യാപക വിന്യാസം നിരോധിക്കുന്ന കരാറില്‍നിന്ന് യു.എസ് പിന്മാറുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കരാര്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നില്ലെന്ന് നവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 1987ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് റീഗണും സോവിയറ്റ് ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പുവെച്ച സുപ്രധാന കരാറാണ് ട്രംപ് റദ്ദാക്കാന്‍ പോകുന്നത്.
500 മുതല്‍ 1000 വരെ കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകളുടെ പരീക്ഷണം ഉള്‍പ്പെടെ തടയുന്ന കരാര്‍ ലംഘിക്കുന്നതായി ഇരുരാജ്യങ്ങളും നിരന്തരം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പിന്മാറ്റ പ്രഖ്യാപനം. കരാറില്‍നിന്ന് പിന്മാറുന്നത് എന്തിനാണെന്ന ചോദ്യത്തിന് അമേരിക്ക അത്തരം ആയുധങ്ങള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. കരാര്‍ ലംഘിച്ച് ആയുധങ്ങള്‍ നിര്‍മിക്കാന്‍ റഷ്യയെ അനുവദിക്കില്ല. എന്തുകൊണ്ടാണ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കരാറില്‍നിന്ന് പിന്മാറാതിരുന്നതെന്ന് തനിക്ക് അറിയില്ല. ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നാണ് റഷ്യയും ചൈനയും പറയുന്നത്. എന്നാല്‍ കരാറുകള്‍ ലംഘിച്ചുകൊണ്ട് അവര്‍ അത്തരം ആയുധങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്-ട്രംപ് പറഞ്ഞു. ആണവായുധ ശേഖരം കുറക്കുകയെന്ന ലക്ഷ്യത്തോടെ ഒപ്പുവെച്ച കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നത് ആണവായുധ നിയന്ത്രണ നടപടികള്‍ക്ക് കനത്ത തിരിച്ചടിയാകും. ശീതയുദ്ധത്തിന്റെ അവസാന നാളുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ അന്താരാഷ്ട്ര സമൂഹത്തിന് ഏറെ ആശ്വാസം പകര്‍ന്നിരുന്നു.
എന്നാല്‍ 2014ല്‍ അന്നത്ത യു.എസ് പ്രസിഡന്റ് ബറാക് ഒബാമ റഷ്യ കരാര്‍ ലംഘിക്കുന്നതായി ആരോപിച്ചു. പുതിയ ആയുധ പന്തയത്തിന് തുടക്കം കുറിക്കുമെന്നതുകൊണ്ട് യൂറോപ്യന്‍ നേതാക്കളുടെ സമ്മര്‍ദ്ദപ്രകാരം കരാറില്‍നിന്ന് പിന്മാറാന്‍ അദ്ദേഹം തയാറായില്ല. അതേസമയം കരാറില്‍നിന്ന് പിന്മാറിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ റഷ്യ അപലപിച്ചു. അങ്ങേയറ്റം അപകടകരമായ ചുവടുവെപ്പെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി റ്യബ്‌കോവ് ട്രംപിന്റെ നീക്കത്തെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സുരക്ഷക്കും ആയുധ പന്തയങ്ങള്‍ തടയുന്നതിനും കരാര്‍ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.