ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നല്‍കിയ സിറിഞ്ചില്‍ നിന്ന് 40പേര്‍ക്ക് എച്ച്.ഐ.വിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നൗനിലാണ് സംഭവം. വ്യാജഡോക്ടറായ രാജേന്ദ്രകുമാര്‍ ഒരു സിറിഞ്ചുകൊണ്ട് ഒരുപാട് പേര്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം. രാജേന്ദ്രകുമാര്‍ പരിശോധിച്ച പ്രദേശത്തെ ആളുകള്‍ക്ക് എച്ച്.ഐ.വി ബാധയേറ്റതായി കണ്ടെത്തുകയായിരുന്നു. മിതമായ നിരക്കില്‍ പരിശോധന നടത്തിവന്നിരുന്ന ഡോക്ടര്‍ ഒരു സിറിഞ്ചുകൊണ്ടാണ് 500ഓളം പേര്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നത്. പിന്നീട് പ്രദേശത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 40പേര്‍ക്ക് എച്ച്.ഐ.വിയുള്ളതായി കണ്ടെത്തിയത്. നാനൂറോളം പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 40പേര്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തിയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ്.പി ചൗധരി പറഞ്ഞു. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രോഗം ബാധിച്ചവരെ കാന്‍പൂരിലെ ആന്റിറിട്രോവൈറല്‍ തെറാപ്പി സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു.