കോഴിക്കോട്: ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായതോടെ തിരുത്തി അധികൃതര്‍. സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ അവധി വിവാദമായതോടെയാണ് അറിയിപ്പ് തിരുത്തി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വീണ്ടും രംഗത്തെത്തയത്.

“നാളെ (01.01.2019) കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകള്‍ക്ക് ഉച്ചക്ക് ശേഷം മാത്രമേ അവധി ഉള്ളൂ എന്ന് അറിയിക്കുന്നു. നേരത്തെ മുഴുവന്‍ ദിവസവും അവധി ആണെന്ന് കൊടുത്ത അറിയിപ്പ് ഇതിനാല്‍ തിരുത്തി വായിക്കണം എന്ന് അറിയിക്കുന്നു.”

ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വൈകുന്നേരത്തോടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലയില്‍ വനിതാ മതിലില്‍ പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് അധ്യാപികമാരെ പങ്കെടുപ്പിക്കുന്നതിനായി ഇത്തരമൊരു നടപടിയുമായി അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.