കൊച്ചി: വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് ആഷിഖ് അബു നല്‍കുന്ന വിശദീകരണം.

വാരിയംകുന്നന്‍ ചിത്രം 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്.2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ച നാള്‍ മുതല്‍ പൃഥ്വിരാജ് അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ വന്‍തോതില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

സിക്കന്ദറും മൊയ്ദീനുമായിരുന്നു സിനിമ നിര്‍മ്മിക്കാനിരുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥ.

പിന്നാലെ വിവാദങ്ങളെ തുടര്‍ന്ന് തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് റമീസിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ ‘ഷഹീദ് വാരിയംകുന്നന്‍’ എന്ന പേരില്‍ പി.ടി കുഞ്ഞുമുഹമ്മദും സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പി.ടി കുഞ്ഞുമുഹമ്മദ് അറിയിച്ചത്.