കോട്ടയം: ശബരിമല കര്‍മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം സവര്‍ണസമ്മേളനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പസംഗമത്തിന്റെ വേദിയില്‍ കണ്ടത് സവര്‍ണ ഐക്യമാണ്. ഒരു പിന്നോക്കക്കാരനേയും കാണാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയ്യപ്പഭക്ത സംഗമത്തിലേക്ക് എസ്.എന്‍.ഡി.പിയേയും ക്ഷണിച്ചിരുന്നു. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്ന പരിപാടിയെന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. തനിക്ക് മറ്റു പരിപാടികളുണ്ടെന്ന് പറഞ്ഞപ്പോള്‍ ഭാര്യയെ എങ്കിലും പങ്കെടുപ്പിക്കണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്കും മറ്റു പരിപാടികളുള്ളതിനാല്‍ പോവാന്‍ കഴിഞ്ഞില്ല. പോവാതിരുന്നത് മഹാഭാഗ്യമായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും വെള്ളാപ്പള്ളി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.