ഹൈദരാബാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ഹൈദരാബാദില്‍ ബിജെപി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില മതവിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ല. ഇത്തരം നടപടികള്‍ സാമൂഹിക അസ്ഥിരതക്കു കാരണമാകും. മതസംവരണ നടപടികള്‍ക്ക് ഭരണഘടനാ സാധുതയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിനത്ത് മറ്റൊരു രാജ്യത്തിനായി വാദിക്കാന്‍ അത് അവസരമൊരുക്കും. പ്രത്യേക മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തെ ഭരണഘടനാ ശില്‍പിയായ ഡോ. ബിആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ആളുകള്‍ക്കിടയില്‍ വര്‍ഗീയത വളരാനും സാമൂഹിക അന്തരീക്ഷം തകരാനും ഇത്തരം നടപടികള്‍ വഴിവെക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.