ബാഴ്‌സലോണ: ചിലി താരം ആര്‍തുറോ വിദാല്‍ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനില്‍ ചേര്‍ന്നു.
ബാഴ്‌സയുമായി 2021 വരെ കരാറുണ്ടായിരുന്നെങ്കിലും പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ പദ്ധതികളില്‍ സ്ഥാനമില്ലാതായതോടെ ബാഴ്‌സ ചിലി താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു.

2011-15 കാലത്ത് ഇന്ററിന്റെ കടുത്ത എതിരാളിയായ യുവെന്റസിനായി കളിച്ച താരമാണ് വിദാല്‍. യുവെയ്‌ക്കൊപ്പം നാല് ലീഗ് കിരീടങ്ങളും ഇറ്റാലിയന്‍ കപ്പും നേടിയിട്ടുണ്ട്. പിന്നീട് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയ വിദാല്‍ 2018ലാണ് ബാഴ്‌സയിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ ദയനീയ തോല്‍വിയോടെ ബാഴ്‌സ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു. പിന്നീട് യുവനിര മാത്രം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ടീമിനെ നിലനിര്‍ത്താനാണ് ബാര്‍സ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.