കൊച്ചി: നടി സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. എന്നാല്‍ വിജയ്ബാബു ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് വിജയ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടി സാന്ദ്രതോമസ് രംഗത്തെത്തുന്നത്. ഇരുവരും ചേര്‍ന്ന് നടത്തിവന്നിരുന്ന സ്ഥാപനമാണ് ഫ്രൈഡേ ഫിലിംസ് ഹൗസ്. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ സാന്ദ്ര ഇപ്പോഴും ചികില്‍സയിലാണ്.

ആശുപത്രിയില്‍ കഴിയുന്ന സാന്ദ്ര തോമസ് ഉടനെ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. വിജയ് ബാബുവിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്താനായിരിക്കും സാന്ദ്ര മാധ്യമങ്ങളെ കാണുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. വിജയ് സിനിമയില്‍ നേട്ടങ്ങള്‍ കൊയ്യാനായി ഫ്രൈഡേഫിലിം ഹൗസിനെ ഉപയോഗിക്കുന്നതായി സാന്ദ്രക്ക് നേരത്തേ പരാതിയുണ്ടായിരുന്നു. കമ്പനി തന്റെ കൈവശമാക്കാന്‍ വിജയ് ബാബു ശ്രമിച്ചതായും സാന്ദ്രക്ക് പരാതിയുണ്ടെന്നാണ് അറിയുന്നത്.

സാന്ദ്രയുടെ വിവാഹശേഷമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നത്. സിനിമയുടെ തിരക്കഥ നോക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചിരുന്ന വിജയ് കമ്പനിയുടെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയത് സാന്ദ്രയുടെ വിവാഹത്തിന് ശേഷമായിരുന്നു. പ്രമുഖ ചാനലില്‍ ഒരു പരിപാടി നിര്‍മിക്കാനുള്ള തീരുമാനമെടുത്തതും സാന്ദ്രയുടെ അഭിപ്രായം ചോദിക്കാതെയാണ്. ഇതോടെ ഇവര്‍ തമ്മിലുളള അഭിപ്രായഭിന്നത രൂക്ഷമായി. തുടര്‍ന്ന് പാര്‍ട്‌നര്‍ഷിപ്പ് ഒഴിയണമെന്നും ഇതുവരെയള്ള കമ്പനിയുടെ ലാഭം വീതം വയ്ക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിലേക്കെത്തിച്ചതെന്നായിരുന്നു വിവരം.

സാന്ദ്രയുടെ പരാതിയില്‍ വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. സാന്ദ്രയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും സാന്ദ്രയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.