വയനാട്: മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളികാമറയില്‍ കുടുങ്ങിയ വിജയന്‍ ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടി ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം. കെ. രാജന്‍ എം.എല്‍.എ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കും.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ചാനല്‍ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റിസോര്‍ട്ട് മാഫിയക്ക് വേണ്ടി മിച്ചഭൂമി തരംമാറ്റാന്‍ 10 ലക്ഷം രൂപ സി.പി.ഐ ജില്ലാ സെക്രട്ടറിക്കും 10 ലക്ഷം ഡെപ്യൂട്ടി കലക്ടര്‍ക്കും നല്‍കണമെന്നാണ് ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയത്. ഡെപ്യൂട്ടി കളക്ടര്‍ ആദ്യഗഡുവായി 10,000 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.