കട്ടക്: ഏറെ നാള്‍ ദേശീയ ടീമില്‍നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തില്‍ വിരമിക്കുന്നതിനെക്കുറിച്ചുപോലും താന്‍ ചിന്തിച്ചിരുന്നെന്ന് യുവരാജ് വെളിപ്പെടുത്തിയത്. ധോണിയുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ചും യുവി പ്രതികരിച്ചു. മികച്ചൊരു കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിലായിരുന്നു ഇത്തവണ ഞങ്ങളുടെ ശ്രദ്ധ. വളരെയേറെ പരസ്പര ധാരണയോടെ കളിക്കാന്‍ കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലൊക്കെ ഇത് വളരെ ഉപകാരപ്പെട്ടു. ഇന്ത്യയ്ക്കായി ഒരുപിടി മല്‍സരങ്ങളില്‍ വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ എനിക്കും ധോണിക്കും സാധിച്ചിട്ടുണ്ട്. വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് ധോണി. ഈ അനുഭവങ്ങളെ അദ്ദേഹം ടീമിനായി ഉപയോഗപ്പെടുത്തുന്നത് സുന്ദരമായൊരു കാഴ്ചയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി അര്‍പ്പിച്ച വിശ്വാസമാണ് ഇപ്പോഴും താന്‍ ടീമില്‍ തുടരാന്‍ കാരണമെന്നും യുവരാജ് വ്യക്തമാക്കി. കോലി എന്റെ കഴിവുകളില്‍ ഒരുപാട് വിശ്വാസമര്‍പ്പിച്ചു. 150 എന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ടീമിന്റെയും ക്യാപ്റ്റന്റെയും പിന്തുണയുണ്ടെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. വിരാടും ഡ്രസിങ് റൂമിലെ എന്റെ സഹതാരങ്ങളും തന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും തന്നില്‍ വിശ്വസിക്കുകയും ചെയ്‌തെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. അര്‍ബുദത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയശേഷം വളരെ കഠിനമായിരുന്നു എനിക്കു മുന്നിലുള്ള വഴി. മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ ഞാന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ചായിരുന്നു ഈ ഘട്ടത്തില്‍ എന്റെ ചിന്ത. കായികശേഷി നിലനിര്‍ത്തുന്നതിന് ഞാന്‍ വളരെയേറെ കഷ്ടപ്പെട്ടു. മാത്രമല്ല, ഈ സമയത്ത് ടീമില്‍ വന്നും പോയുമിരിക്കുന്ന അവസ്ഥയുമായിരുന്നു. ടീമില്‍ സ്ഥിരമായി ഇടം കിട്ടാത്തത് തന്നെ വളരെയേറെ വലച്ചുവെന്നും യുവരാജ് പറഞ്ഞു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ച് ചിന്തിച്ച നാളുകളില്‍ എനിക്ക് പിന്തുണ നല്‍കിയ ഒട്ടേറെ ആളുകളുണ്ട്. ഉപേക്ഷിച്ചു കളയുക എന്നത് എന്റെ രീതിയല്ല. അതുകൊണ്ടുതന്നെ ആവുന്നിടത്തോളം ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. സമയദോഷം മാറുമെന്ന് എനിക്കറിയാമായിരുന്നുവെന്നും യുവി പറഞ്ഞു. ഞാന്‍ പത്രം വായിക്കാറില്ല. ടിവി കാണാറുമില്ല. കൂടുതല്‍ സമ്മര്‍ദ്ദം സ്വയം വലിച്ചുവയ്ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത്. കളിയില്‍ പരമാവധി ശ്രദ്ധിച്ച് രാജ്യാന്തര ക്രിക്കറ്റിന് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഇത്തവണ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും യുവരാജ് പറഞ്ഞു. ഇംഗ്ലണ്ടിന്റേത് വളരെ മികച്ച പ്രകനമായിരുന്നെന്നും യുവരാജ് പറഞ്ഞു. അവരുടെ കളി വളരെ മികച്ചതായിരുന്നു. മധ്യനിരയില്‍ വളരെ അപകടകാരികളായ താരങ്ങള്‍ അവര്‍ക്കുണ്ട്. ഏതു ബൗളറേയും തച്ചുതകര്‍ക്കാന്‍ ശേഷിയുള്ളവര്‍. യുവാക്കളുടെ സംഘമാണവര്‍. കൂടുതല്‍ അനുഭവസമ്പത്തു ലഭിക്കുന്നതോടെ അവര്‍ വളരെ അപകടകാരികളാകും. ഭാവിയിലെ ഏറ്റവും അപകടകാരികള്‍ ഇവരാകാനും സാധ്യത വളരെയേറെയാണ്. എല്ലാ തലമുറയിലും വളരെ മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ളവരാണ് ഇംഗ്ലണ്ടുകാര്‍. മുന്‍പ് ഇത് ഹാര്‍മിസണും ഫ്‌ളിന്റോഫുമായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി. രണ്ടു തവണയും അവര്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്തു യുവരാജ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ യുവരാജ്‌ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ഓവറില്‍ മൂന്നിന് 25 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറുമ്പോള്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും 38 ഓവറിലധികം ക്രീസില്‍ നിന്നു. 256 റണ്‍സ് നേടി. കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ യുവരാജ് 150 റണ്‍സെടുത്തപ്പോള്‍ കരിയറിലെ 10-ാം സെഞ്ചുറി കുറിച്ച ധോണി 134 റണ്‍സെടുത്തു.