തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ആരോപിച്ച് കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പരിഷകരണം കൊണ്ട് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ഇവിടെ അരിവാങ്ങാന്‍ പണത്തിനായി വരി നില്‍ക്കുമ്പോള്‍ ബി.ജെ.പിക്കാരുടെ അക്കൗണ്ടില്‍ പണം കുമിഞ്ഞുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം നിയന്ത്രിക്കാനാണ് നോട്ട് നിരോധനമെന്ന് പറയുന്ന പ്രധാനമന്ത്രി ധൈര്യമുണ്ടെങ്കില്‍ അദാനിയേയും അംബാനിയേയും തൊട്ടുനോക്കൂവെന്നും അപ്പോള്‍ കാണാം കളിയെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ സംസാരിച്ച എം.എല്‍.എമാരെല്ലാം മോദിയുടെ പുതിയ നീക്കത്തെ ശക്തമായ ഭാഷയിലാണ് എതിര്‍ത്തത്.

എന്നാല്‍ രാജഗോപാല്‍ ന്യായീകരണവുമായി രംഗത്ത് എത്തി.