കണ്ണൂര്‍ പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബല്‍റാമിന്റെ ആവശ്യം.

‘ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാനൂരിലെ മന്‍സൂര്‍ കൊലപാതകം ഉടന്‍ സിബിഐ അന്വേഷണത്തിന് വിടണം.’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മന്‍സൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനാണ് രതീഷ്.