തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കാനുള്ള പൊലീസ് നീക്കത്തെ ട്രോളി വി.ടി ബല്‍റാം. ‘ചേട്ടന്‍റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ!’എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ക്ക് നേരെയാണ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കി പൊലീസ് വാഹനം ഓടിച്ച് വന്ന് പ്രകോപനം സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിച്ചത്. പൊലീസ് വാഹനത്തിന് കടന്ന് പോകാന്‍ വഴിയുണ്ടായിട്ടും എംഎല്‍എമാർക്കു നേരെ വാഹനം ഓടിച്ചെത്തുകയായിരുന്നു.

സമരം ചെയ്യുന്നവർക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എമാരുടെ നേതൃത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഏഴാം ദിവസവും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് നടന്നത്. സമരക്കാരെ  അതിക്രൂരമായി മർദനത്തിലൂടെയാണ് പൊലീസ് നേരിടുന്നത്. കണ്ണും തലയും അടിയേറ്റ് തകർന്ന പ്രവർത്തകരുടെ ചിത്രങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു  പ്രതിഷേധം.

ഓഹോ.. അപ്പോ ചേട്ടൻ്റെ പോലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ!

Posted by VT Balram on Friday, September 18, 2020