കാസര്‍കോഡ്: കാസര്‍കോഡ് സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുല്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ആര്‍.എസ്.എസിന്റെ ആസൂത്രിത കൊലപാതകമാണ് നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്നും ബല്‍റാം പറഞ്ഞു. ഭീകരപ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണമെന്നും, ഇടപെടണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.

‘വര്‍ഗീയത തുലയട്ടെ’

വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ചിലര്‍ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍
ഞങ്ങള്‍ പറയാന്‍ തന്നെയാണ് തീരുമാനം.