സംസ്ഥാനത്തെ പകര്‍ച്ചാവ്യാധികള്‍ പിടിമുറുക്കിയിരിക്കയാണെന്നാണ് ഏതാനും ആഴ്ചകളായി വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍. പകര്‍ച്ചാവ്യാധികളില്‍ ഏറ്റവും മാരകമായ എച്ച്‌വണ്‍ എന്‍വണ്‍ വൈറസ് രോഗമാണ് കേരളത്തെ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. ഡെങ്കി, ചിക്കന്‍പോക്‌സ്, ഫ്‌ളൂ, ചിക്കുന്‍ഗുനിയ എന്നിവയും ഏറിയും കുറഞ്ഞും ഉണ്ട്. മികച്ച ആരോഗ്യനിലവാരമുണ്ടെന്ന് അഭിമാനിക്കുന്ന സാക്ഷരകേരളവും അതില്‍ ഒട്ടും പിന്നിലല്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷംമെയ്‌വരെ ഇരുപത്തഞ്ചേളം പേര്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് മരണമടഞ്ഞുകഴിഞ്ഞു. വേനല്‍കാലത്ത് പൊതുവെ കാണുന്ന ചിക്കന്‍ പോക്‌സ് ബാധിച്ചത് ഇത്തവണ അരലക്ഷത്തോളം പേര്‍ക്കാണ്. പതിനയ്യായിരം പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുകയും ആറുപേര്‍ മരിക്കുകയും ചെയ്തു. ഡെങ്കിപനി ബാധിച്ച് ഇതിനകം തന്നെ രണ്ടുപേര്‍ മരിക്കുകയും രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.

വടക്കും തെക്കുമെന്നുവേണ്ട സംസ്ഥാനത്തിന്റെ എല്ലായിടത്തും ഇപ്പോള്‍ ഡെങ്കിപ്പനി സാധാരണമായിക്കഴിഞ്ഞു. 2013ല്‍ 29 പേരാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ആ അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇത്തവണ നാം കര്‍ശനമായ ജാഗ്രതപാലിച്ചേ തീരു. ഇതിനെല്ലാം നേതൃത്വം വഹിക്കേണ്ട സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി തന്നെ ചിക്കന്‍പോക്‌സ് ബാധിച്ച് കിടപ്പിലാണ്.പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും കഴിഞ്ഞവര്‍ഷം കേരളത്തില്‍ പകര്‍ച്ചവ്യാധിപിടിപെട്ടുമരിച്ചത് ഇരുന്നൂറോളം പേരാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ, കഫക്കെട്ട് ,ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗികള്‍ ആസ്പത്രികളിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം പരിശോധിച്ചവയില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്താനായതെങ്കില്‍ ഈ വര്‍ഷം നാലുമാസമാകുമ്പോള്‍ തന്നെ എച്ച്‌വണ്‍ എന്‍വണ്‍ 28 ശതമാനം പേരില്‍ കണ്ടെത്തിയതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.
സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന അവസരത്തിലാണ് പകര്‍ച്ചാവ്യാധികളുടെ തോത് വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടൊപ്പം കെട്ടിക്കിടക്കുന്ന അഴുക്കുചാല്‍വഴിയും മറ്റുമാണ് വെള്ളത്തിലൂടെ രോഗം പടരുന്നതെങ്കില്‍ അന്തരീക്ഷതാപവും കുടിവെള്ളത്തിലെ മാലിന്യവുമായിരിക്കണം രോഗം പടരാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. മഴക്കാലത്തിനുപുറമെ വേനലിലും ആസ്പത്രികള്‍ക്കുമുമ്പില്‍ പനിബാധിതരുടെ നീളന്‍ വരികള്‍ കാണാനാവുന്നത് കേരളത്തിന്റെ ആരോഗ്യരംഗം എത്ര പരിതാപകരമായിരിക്കുന്നുവെന്നതിന്റെ സൂചനയാണ് തരുന്നത്. ആദ്യദിവസങ്ങളില്‍ തന്നെ രോഗിയെ കണ്ടെത്തി ചികില്‍സിക്കുക എന്നതാണ് ഇതില്‍ പ്രധാനം. പനിബാധിതരില്‍ പത്തുശതമാനം പേര്‍ക്ക് തീര്‍ച്ചയായും ഡെങ്കിയായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഔദ്യോഗികകണക്കുപ്രകാരം മാത്രം 189 പേരാണ് ഡെങ്കിപ്പനി ബാധിച്ച് രാജ്യത്ത് മരിച്ചത്. ചിക്കുന്‍ഗുനിയ പോലുള്ളവ പുറമെയാണ്.
കുടിവെള്ളക്ഷാമം അതിരൂക്ഷമായ തിരുവനന്തപുരം പോലുള്ള ജില്ലകളിലും തീരപ്രദേശങ്ങളിലുമാണ് രോഗം കൂടുതലായും വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് മാത്രം 1486 ഡെങ്കി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്താകെ 2203 ഉം. കോട്ടയം (70) വയനാട് (46), ആലപ്പുഴ (70), എറണാകുളം (47) എന്നിങ്ങനെയാണ് കൂടുതല്‍ ഡെങ്കിരോഗം കണ്ടെത്തിയ ജില്ലകള്‍. ഇതിനുപുറമെ തീരദേശജില്ലകളായ മലപ്പുറത്തും കോഴിക്കോടും കണ്ണൂരും പ്രത്യേകജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 2020 ഓടെ ഡെങ്കിരോഗികളുടെ എണ്ണം പകുതിയായി കുറക്കണമെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എന്തുകൊണ്ട് ഡെങ്കി രോഗം വര്‍ധിച്ചുവെന്നതിന് നാം ഉത്തരം കണ്ടെത്തിയേ തീരു. പബ്ലിക് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ അവരവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചാല്‍ മാത്രം വലിയൊരു പരിധിവരെ രോഗികളെ മുന്‍കൂട്ടിതന്നെ കണ്ടെത്തി ചികില്‍സ നല്‍കാന്‍ സാധിക്കും.
മലിനജലവും കെട്ടിക്കിടക്കുന്ന ജലവുമാണ് ഈഡിസ് കൊതുകുപോലുള്ളവ പെറ്റുപടരാന്‍ കാരണമാകുന്നത്. ഇക്കാര്യത്തില്‍ വീട്ടമ്മമാരെ കൂടുതലായി ബോധവല്‍കരിക്കേണ്ടതുണ്ട്. ചിരട്ടയിലും മറ്റ് അവശിഷ്ടവസ്തുക്കളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ഇതെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളും മുന്‍കയ്യെടുക്കേണ്ടതുണ്ട്. വരള്‍ച്ചാകാലത്തുതന്നെ ഇതാണ് അവസ്ഥയെങ്കില്‍ വരാനിരിക്കുന്ന മഴക്കാലം എങ്ങനെയാകുമെന്ന ഭയം ഇപ്പോള്‍തന്നെ നമുക്കുണ്ടാവണം; അതിനുള്ള മാലിന്യസംസ്‌കരണം പോലുള്ള പ്രതിരോധ നടപടികളും. പ്രതിരോധസംവിധാനം കാര്യക്ഷമമാക്കുകയാണ് രണ്ടാമത്തെ വഴി. നിലവില്‍ എച്ച് വണ്‍ എന്‍ വണ്ണിനുള്ള പ്രതിരോധമരുന്ന് പൊതുവിപണിയിലും സര്‍ക്കാര്‍ ആസ്പത്രികളിലും ലഭ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ അധികവും ഇതുപയോഗിക്കുന്നത് രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണെന്നതാണ് വസ്തുത. ആസ്പത്രികളില്‍ മരുന്നുകള്‍ ആവശ്യത്തിന് ഉറപ്പുവരുത്താനും ഇതോടൊപ്പം ശ്രദ്ധിക്കണം. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് വേനല്‍കാലത്തിനുമുമ്പുതന്നെ മന്ത്രിമാരുടെ പ്രത്യേകസമിതി രൂപീകരിച്ച് രംഗത്തിറങ്ങിയിരുന്നു. വാര്‍ഡുതലസമിതികള്‍ക്ക് തുകയും അനുവദിക്കുകയുണ്ടായി. ഇത്തവണ ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല. വിവിധ വകുപ്പുകളുടെയും ശുചിത്വമിഷന്റെയും ഏകോപിതപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.
പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ പിറകോട്ടുപോയതായാണ് അടുത്തകാലത്തായി കേരളത്തിന്റെ അനുഭവം. ഗള്‍ഫ് ബൂമിന്റെ ഫലമായി മാംസഭക്ഷണത്തോടുള്ള ആര്‍ത്തിയും മാസാവശിഷ്ടങ്ങള്‍ കണ്ടിടത്തൊക്കെ വലിച്ചെറിയുന്ന വ്യാപാരികളും കൂടിയായപ്പോള്‍ വഴിയോരങ്ങള്‍ തെരുവുനായ്ക്കള്‍ കയ്യടക്കുന്ന അവസ്ഥവന്നുചേര്‍ന്നു. മനുഷ്യമാംസം പോലും പട്ടിക്ക് പഥ്യമായി. ഇതോടൊപ്പം പെരുകിയ കൊതുകും പുഴുക്കളും മലയാളിയെനിത്യരോഗിയാക്കി മാറ്റുന്നു. വൈറസ് പോലെതന്നെ മുക്കിന് മുക്കിന് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും ക്ലിനിക്കുകളും വന്‍കിട ആസ്പത്രികളും പെരുകി. പച്ചക്കറികളില്‍ പോലും വിഷാംശം കൂടിയതും പ്രതിരോധശേഷിയെയും കാര്യമായി ബാധിച്ചു. ഇതിനെല്ലാം ഇനിയുള്ള പോംവഴി പരിസരശുചിത്വം പാലിക്കുക എന്നതുതന്നെയാണ്. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിലും ഭേദമാണത്. സര്‍ക്കാരിനൊപ്പം ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ മാത്രമേ ഈ ദു:സ്ഥിതിയില്‍ നിന്ന് കരകയറാനാകൂ.