ന്യൂഡല്‍ഹി: മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റെയില്‍വെയുടെ ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഈ സൗകര്യം നിലവില്‍ വരും. മെയില്‍, എക്‌സ്പ്രസ്, ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കാണ് അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രെയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക.

വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. വികല്‍പ് എന്നാണ് റെയില്‍വെയുടെ പുതിയ പദ്ധതിയുടെ പേര്. ഇത്തരത്തില്‍ അവര്‍ യാത്ര ചെയ്യുന്ന അത്രയും ദൂരം ടിക്കറ്റ് കണ്‍ഫോമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് റൂട്ടുകളില്‍ നടത്തിയ പദ്ധതി വിജയമായതോടെയാണ് ഇത് രാജ്യമൊട്ടാകെ കൊണ്ടു വരുന്നത്. രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ തുടങ്ങിയ ട്രെയിനുകള്‍ ഒഴിഞ്ഞ സീറ്റുകളുമായി യാത്ര ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് വികല്‍പ്പ് നടപ്പിലാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,500 കോടി രൂപ റെയില്‍വെ വിവിധ കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ട ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് മടക്കി നല്‍കേണ്ടി വന്നു. വികല്‍പ് നടപ്പാക്കുന്നതോടെ യാത്രക്കാര്‍ക്ക് സീറ്റ് ഉറപ്പാക്കാനാവുമെന്നും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് അനുവദിക്കുന്ന ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാകും. ട്രെയിന്‍ യാത്ര കൂടുതല്‍ യാത്രക്കാര്‍ക്ക് ഒരുക്കുന്നതിന്റെ ഭാഗമായാണ് വികല്‍പ്പ് പദ്ധതി നടപ്പാക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്ന ഫഌക്‌സി ഫെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനു ശേഷം പ്രീമിയം ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു. പുതിയ പദ്ധതി പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിങ് ലിസ്റ്റിലാണെങ്കില്‍ അതേ റൂട്ടിലേക്ക് തൊട്ടടുത്ത സമയത്ത് എത്തുന്ന മറ്റൊരു ട്രെയിനിലേക്ക് ടിക്കറ്റ് ബുക്കു ചെയ്യാനാകും.
ഇതിനായി പ്രത്യേകമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കാണിക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. യാത്രക്കാര്‍ക്ക് ആ ട്രെയിനില്‍ ബര്‍ത്ത് ഉറപ്പാക്കുകയുമാകാം.