കൊല്‍ക്കത്ത: അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാളിനെ ഗുജറാത്താക്കി മാറ്റാമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കം. സംസ്ഥാനത്തെ മുന്‍ ഇടതുപക്ഷ ഭരണത്തെയും അതിന്റെ നേതാക്കളെയും പരാമര്‍ശിച്ചായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവന

‘ബിമാന്‍ ബോസ്, ബുദ്ധബാബു (മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി) തുടങ്ങിയ നേതാക്കള്‍ ഇവിടുത്തെ ആളുകള്‍ ഡോക്ടര്‍മാരോ, എഞ്ചിനീയര്‍മാരോ അല്ല മറിച്ച് ഗുജറാത്തില്‍ ജോലി അന്വേഷിക്കുന്ന കുടിയേറ്റ തൊഴിലാളികളാണെന്ന് ഉറപ്പുവരുത്തി. ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ ബംഗാളിനെ ഗുജറാത്താക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളിനെ ഗുജറാത്ത് ആക്കാന്‍ ശ്രമിക്കുന്നതായി ദിദി (മുഖ്യമന്ത്രി മമത ബാനര്‍ജി) പലപ്പോഴും ആരോപിക്കുന്നു.’

അതെ, തീര്‍ച്ചയായും. ഞങ്ങളുടെ കുട്ടികള്‍ക്ക് ഇവിടെ ജോലി ലഭിക്കുകയും ഗുജറാത്തിലേക്ക് കുടിയേറേണ്ട അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കി മാറ്റും,’ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരാസത്തില്‍ പ്രദേശവാസികളുമായി സംവദിച്ച ശേഷം ബിജെപി നേതാവ് പറഞ്ഞു. ദിലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

ബിജെപി എംപിയോട് ബംഗാള്‍ വിട്ട് ഗുജറാത്തില്‍ സ്ഥിരതാമസമാക്കണമെന്ന് മുതിര്‍ന്ന ടിഎംസി നേതാവും സംസ്ഥാന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം ആവശ്യപ്പെട്ടു.

‘2002 ല്‍ ഗുജറാത്ത് കലാപത്തില്‍ രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ബംഗാളിനെ ഗുജറാത്തിലേക്ക് മാറ്റുകയാണെങ്കില്‍ ഏറ്റുമുട്ടലുകളില്‍ മരിക്കുമെന്ന് ആളുകള്‍ ഭയപ്പെടും. അതിനാല്‍ ബംഗാളിനെ ഗുജറാത്ത് ആക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് രബീന്ദ്രനാഥ ടാഗോറിന്റെ ബംഗാള്‍, നസ്രുലിന്റെ ബംഗാള്‍. ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തണോ അതോ ഗുജറാത്തില്‍ നിന്ന് കലാപ രാഷ്ട്രീയം സ്വീകരിക്കണോ എന്ന് ആളുകള്‍ തീരുമാനിക്കേണ്ടതുണ്ട്,’ ഹക്കീം പറഞ്ഞു.

ഗുജറാത്തില്‍ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും മാത്രമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവര്‍ക്ക് തങ്ങളുടെ വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.