യൂസഫ് മമ്മാലിക്കണ്ടി

ഭരിക്കുന്നവര്‍ തന്ത്രപരമായി കൊടുക്കുന്ന ഭൗതികമായ ആനുകൂല്യങ്ങള്‍ക്ക് പിറകെ പോകുന്നവര്‍ക്ക് വഖഫ് ബോര്‍ഡ് ആരു കൈയ്യടക്കിയാലും പ്രശ്‌നമില്ല. കേരളത്തിലെ വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സി വഴി മുസ്‌ലിം സമുദായത്തിന് മാത്രം നല്‍കിയാലും മുസ്‌ലിംകളിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാവുകയുമില്ല. പിന്നെ എന്തുകൊണ്ട് ഒരു പൊതു പരീക്ഷ എഴുതി പ്രാപ്തി തെളിയിക്കുന്നവരെ നിയമിക്കുന്നതിനെ എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് പക്ഷേ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം മുതല്‍ പിണറായി വിജയന്റെ തുടര്‍ഭരണം വരെയുള്ള ഇടതു സര്‍ക്കാറുകളുടെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ കേരളീയ മുസ്‌ലിംകള്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. വഖഫ് ബോര്‍ഡില്‍ കേരളത്തില്‍ ആകെ 120 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് അതിനെ കൊണ്ട് വന്ന് ഭരിക്കുന്നവരുടെ ഇംഗിതത്തിന് വിധേയമാക്കപ്പെടുന്ന സാധ്യതകളെയാണ് മുസ്‌ലിംകള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നത്.

വഖഫ് സ്വത്തുക്കള്‍ ഭരിക്കാന്‍ ഭരണ പാടവമുള്ള പ്രഗത്ഭരെ പരീക്ഷ നടത്തി കൊണ്ടുവരുമ്പോള്‍ ദൈവ സ്വത്തുക്കള്‍ ദൈവമില്ലെന്ന് പറയുന്നവര്‍ കൈകാര്യം ചെയ്യുന്നത് ഭയക്കുന്നവരാണ് പുതിയ നിയമന തീരുമാനത്തെ എതിര്‍ക്കുന്നത്. ഏറ്റവും ക്രിയാത്മകമായി വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കേരളത്തില്‍ വെറും നൂറിലേറെ വരുന്ന നിയമനങ്ങളിലെ പ്രാധിനിത്യത്തിനു വേണ്ടിയുള്ള പരിഷ്‌കാരമല്ല, സമുദായത്തിന്റെ അവകാശത്തിന് നേരെയുള്ള പരാക്രമമാണ് പിണറായി ലക്ഷ്യമിടുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള കോടാനുകോടി രൂപയുടെ വഖഫ് സ്വത്തുക്കള്‍ പലരും കൈയടക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആറുലക്ഷം ഏക്കര്‍ ഭൂമിയും അഞ്ചര ലക്ഷത്തോളം കെട്ടിടങ്ങളുമുള്‍പ്പെടെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ വഖഫ് സ്വത്തുക്കള്‍ക്ക് കീഴിലുള്ള വെറും ഭൂമിയുടെ മാത്രം വിപണി മൂല്യം ഏകദേശം 12,000 ബില്യന്‍ വരും.

വഖഫ് സ്വത്തുക്കളിലെ കൈയേറ്റങ്ങള്‍

2017 ജൂലൈ 21ന് മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വഖഫ് ബോര്‍ഡിന് ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. 2003ല്‍ പ്രസിദ്ധീകരിച്ച വഖഫ് സ്വത്തുക്കളുടെ പട്ടികയില്‍പെട്ട ഭൂമിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വീട് നിര്‍മിക്കാന്‍ മുകേഷ് അമ്പാനി കൈക്കലാക്കിയത് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജല്‍ന സ്വദേശിയായ അബ്ദുല്‍ മതീന്‍ നല്‍കിയ ഹര്‍ജിയാണ് അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എന്‍.എം ജംദാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചിരുന്നത്.

വഖഫ് ബോര്‍ഡിന്റെ വസ്തുക്കള്‍ കൈമാറ്റം ചെയ്തതില്‍ അഴിമതി ഉണ്ടായെന്ന് മതീന്‍ ആരോപിച്ചു. സമാനമായ വിഷയം സുപ്രീം കോടതി മറ്റൊരു ഹര്‍ജിയില്‍ പരിഗണിച്ചതായി കോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ച കോടതി ബോര്‍ഡിന് നോട്ടീസ് അയച്ച് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. ഭൂമി കുറിംബോയ് ഇബ്രാഹിം ഖോജ ഓര്‍ഫനേജ് ട്രസ്റ്റിന്റേതാണെന്ന് അമ്പാനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മിലിന്ദ് സാത്തേ കോടതിയില്‍ വാദിച്ചു. ബോഡി ഒരു സെക്യുലര്‍ ട്രസ്റ്റ് ആയതിനാല്‍ അത് ചാരിറ്റി കമ്മീഷണറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അത് കൊണ്ട് ഈ ഭൂമി വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്നതല്ല എന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ദക്ഷിണ മുംബൈയിലെ സ്‌റ്റേറ്റ് വഖഫ് സ്വത്ത് മാര്‍ക്കറ്റ് മൂല്യത്തിന്റെ 10% നല്‍കി ആന്റിലിയ കൊമേഴ്‌സ്യല്‍ പ്രൈവവറ്റ് ലിമിറ്റഡിന് കൈമാറിയെന്ന മറ്റൊരു ഹര്‍ജി മുന്‍ വര്‍ഷം ഹൈക്കോടതിയില്‍ വന്നെങ്കിലും അത് തള്ളിപ്പോയി.

1996 ജൂണില്‍ അനാഥാലയം നിലവില്‍ വന്നതായും 1952 നവംബറില്‍ ബോംബെ പബ്ലിക് ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും ആ ഹര്‍ജിയില്‍ പറയുന്നു. ഖോജ സമുദായത്തിലെ അനാഥര്‍ക്കും നിരാലംബരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാനാണ് സ്ഥലം അനുവദിച്ചത്. അനാഥാലയം രൂപീകരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാതെ ട്രസ്റ്റ് 2002 നവംബറില്‍ ആന്റിലിയ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുകൂലമായി 21 കോടി അഞ്ച് ലക്ഷം രൂപയ്ക്ക് കൈമാറ്റ ഉടമ്പടി നടത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു. മുകേഷ് അംബാനിയുടെ വീടായ ആന്റിലിയ നിര്‍മിച്ച ഭൂമിയുടെ വില്‍പ്പന നിയമവിരുദ്ധമാണെന്നും വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും മഹാരാഷ്ട്ര സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സംസ്ഥാന വഖഫ് ബോര്‍ഡിനോട് 2017 ജൂലൈ 21 ലെ ഉത്തരവില്‍ വ്യക്തത വരുത്താന്‍ നിര്‍ദ്ദേശിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍, മോദിയുടെ ഇഷ്ടക്കാരന്‍ എന്നീ രണ്ട് പദവികള്‍ കൊണ്ട് തന്നെ നിയമം അതിന്റെ ‘വഴിക്ക് ‘ പോകും. അവസാനം വാദികളെയും പ്രതികളെയും വിളിച്ചു വരുത്തി ബോംബെ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് ഭൂമി തര്‍ക്കത്തിന് തീര്‍പ്പ് കല്‍പ്പിച്ചു. മുകേഷ് അംബാനി എന്ന അതി സമ്പന്നന്‍ ഉള്‍പ്പെട്ട ഒരു അനധികൃത ഇടപാടെന്ന നിലയില്‍ ഈ വ്യവഹാരം ലോകം ചര്‍ച്ച ചെയ്ത് പരാജയപ്പെട്ടെങ്കിലും വഖഫ് സ്വത്തുക്കള്‍ നിര്‍ബാധം അന്യധീനപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള 6.1 ലക്ഷം വഖഫ് സ്വത്തുക്കള്‍, യു.പി, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലാണ്. എന്നാല്‍ ഇവ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വന്ന ഏകദേശ കണക്കുകള്‍ പുറത്ത് വന്നിരുന്നു.

വസ്തുവകകളുടെ മൂല്യം

ലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി പരിഗണിക്കുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹരജിക്കാര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ന്യൂനപക്ഷകാര്യ മന്ത്രാലയത്തില്‍ നിന്ന് പൂര്‍ണ വിശദാംശങ്ങള്‍ തേടാന്‍ കോടതിയെ പ്രേരിപ്പിച്ചത്. വ്യവസ്ഥാപിത സംവിധാനത്തോടെ പ്രത്യേക ബോര്‍ഡുകള്‍ രൂപീകരിച്ച് സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുക്കള്‍ അതിന്റെ കൃത്യമായ വിനിയോഗം നടക്കുകയാണെങ്കില്‍ രാജ്യത്തെ അതി ദാരിദ്രരായ മുസ്‌ലിം സമുദായത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ കഴിയും. വഖഫ് ബോര്‍ഡില്‍ കൈയ്യേറ്റങ്ങളും അന്യായ ഇടപെടലുകളും ഇല്ലെങ്കില്‍ മാസം പന്ത്രണ്ടായിരം കോടി രൂപയുടെ വരുമാനമുണ്ടാക്കാമെന്ന് വിലയിരുത്തപ്പെടുന്നു. അതാണെങ്കില്‍ ഭരണകൂടവും, ബോര്‍ഡിനെ ഭരിക്കുന്നവരും ഗൗരവത്തതിലെടുക്കാത്തത് കൊണ്ട് വഖഫ് സമ്പത്ത് കൊണ്ട് ഉണ്ടാകേണ്ട ലക്ഷ്യം നേടാനാവാതെ അതിന്റെ അവകാശികള്‍ അവശ സമൂഹമായി നില നില്‍ക്കുകയാണ്. ഗുണകരമായ നിലയില്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരള വഖഫ് ബോര്‍ഡ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലായിരുന്നു. അവിടെയാണ് ഭരണകൂടം വിവേചനത്തിന്റെ വിഷമിറക്കുന്നത്.