ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് ജനപ്രതിനിധിസഭകള്‍. അവയില്‍ നടക്കുന്ന ചര്‍ച്ചകളിലും എടുക്കുന്ന തീരുമാനങ്ങളിലുമാണ് ജനഹിതം പ്രതിഫലിപ്പിക്കപ്പെടുന്നത്. ചിലപ്പോഴൊക്കെ അതങ്ങനെ ആവുന്നില്ലെങ്കിലും പലപ്പോഴും ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണ് നിയമനിര്‍മാണ സഭകളില്‍ പ്രതിഫലിപ്പിക്കപ്പെടാറ്. ലോകത്ത് ഇതിനേക്കാള്‍ മേന്മയേറിയ മറ്റൊരു ഭരണ സംവിധാനത്തെക്കുറിച്ച് ഇതുവരെയും കേട്ടുകേള്‍വിയില്ലാത്തനിലക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ജനായത്ത ഭരണക്രമത്തെ ബഹുഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും ജനതയും ഇന്ന് അംഗീകരിച്ചുകഴിഞ്ഞു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍രാജ്യങ്ങളിലും ചൈനയിലും വടക്കന്‍ കൊറിയയിലും മറ്റും ജനാഭിലാഷമെന്ന പേരില്‍ ഉണ്ടാക്കിയ രക്തച്ചൊരിച്ചിലുകളും തുടര്‍ന്ന് രൂപീകൃതമായ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണരീതികളും ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ജനം ഏതാണ്ട് പരിപൂര്‍ണമായി കൈയൊഴിഞ്ഞുകഴിഞ്ഞു. അവിടെയാണ് ഇന്ത്യയിലെയും കേരളത്തിലെയും സോകാള്‍ഡ് കമ്യൂണിസ്റ്റുകള്‍ തങ്ങള്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരാണെന്ന വാദമുഖവുമായി ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടാറ്. എന്നാലീ അവകാശവാദങ്ങളെല്ലാം വെറും ബലൂണാണെന്നും മുഴുത്ത സ്വേച്ഛാധിപത്യവും കറകളഞ്ഞ ഏകാധിപത്യവും വ്യക്തികേന്ദ്രീകൃത അധികാരക്കൊതിയുമാണ് കമ്യൂണിസ്റ്റുകളുടേതെന്ന ്മനസ്സിലാക്കാന്‍ പുതു തലമുറക്ക്‌പോലും ഇന്ന് ക്ഷിപ്രസാധ്യമാണ്. ചൊവ്വാഴ്ച കേരളത്തിലെ നീതിപീഠങ്ങളിലൊന്ന് നല്‍കിയ വിധി അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ്.
2015 മാര്‍ച്ച് 13ന് കേരള നിയമസഭക്കകത്ത് ചരിത്രത്തിലൊരു ജനപ്രതിനിധി സഭയിലും പ്രദര്‍ശിപ്പിക്കപ്പെടാത്ത രീതിയിലുള്ള നെറികെട്ട സംഭവങ്ങളാണ് ഇടതുപക്ഷ മുന്നണിയുടെ സാമാജികര്‍ കാഴ്ചവെച്ചത്. ഇതാണ് കോടതി വ്യവഹാരത്തിനാധാരം. സഭക്കകത്ത് ഭരണപക്ഷത്തിനുനേര്‍ക്ക് നടത്തിയ കയ്യാങ്കളിയും സഭ നിയന്ത്രിക്കേണ്ട സ്പീക്കറെ തടയുകയും അദ്ദേഹത്തിന്റെ കസേരയും ഇതര സാമഗ്രികളും തച്ചുതകര്‍ക്കുകയുംചെയ്ത അതേ ആളുകളാണ് യാതൊരു ഉളുപ്പുമില്ലാതെ ശിക്ഷ ഒഴിവാക്കിക്കിട്ടാനായി കോടതിയെ സമീപിച്ചത്. നേരിട്ടുപോയാല്‍ കണക്കിന് കിട്ടുമെന്നതുകൊണ്ടാകാം സംസ്ഥാന സര്‍ക്കാരിനെകൊണ്ടുതന്നെ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിപ്പിച്ചത്. സഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസ് തള്ളണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളിയത് എന്തുകൊണ്ടും മാതൃകാപരമാണ്. ജനാധിപത്യത്തിന്റെയും പാര്‍ലമെന്ററി സംവിധാനത്തിന്റെയും രംഗത്ത് ഇനിയൊരിക്കലും അത്തരത്തിലൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് കോടതി ഇവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് കേസ് തള്ളണമെന്ന ആവശ്യം ഉന്നയിച്ചവര്‍പോലും സമ്മതിച്ചേക്കും.
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന കെ.എം മാണിയുടെ ബജറ്റവതരണം അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തെ ഇടതുപക്ഷ എം.എല്‍.എമാരുടെ ആക്രോശം. ബാര്‍ കോഴ ആരോപണമാണ് സി.പി.എമ്മടക്കമുള്ള കക്ഷികളുടെ പ്രതിഷേധത്തിന് കാരണം. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും ഇഷ്ടാനുസരണം സഭക്കകത്തും പുറത്തും അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും മന്ത്രിയെ അദ്ദേഹം പ്രതിനിധീകരിക്കുന്ന സഭയില്‍ ഭരണഘടന അനുവദിച്ചിട്ടുള്ള ചുമതല നിറവേറ്റാന്‍ സമ്മതിക്കില്ലെന്ന പിടിവാശിയാണ് സി.പി.എമ്മും മറ്റും കാണിച്ചത.് ഫലമോ കേരളത്തിന്റെ ഇദംപ്രഥമമായ സാക്ഷരതാനിലവാരവും ജനാധിപത്യബോധവും പാര്‍ലമെന്ററിമേന്മയുമെല്ലാം ഒരൊറ്റ ദിനംകൊണ്ട് അറബിക്കടലിലെറിയപ്പെടുന്ന അവസ്ഥയുണ്ടായി. 2,20093 രൂപുടെ പൊതുമുതലാണ് ഇടതുപക്ഷക്കാര്‍ അന്ന് നശിപ്പിച്ചത്. സംപ്രേഷണത്തിലൂടെ പൊതുജനം തല്‍സമയം കാണുന്നുണ്ടെന്നറിഞ്ഞിട്ടുപോലും ആഭാസത്തരത്തില്‍നിന്ന് പിന്മാറാന്‍ ഇടതുപക്ഷ അംഗങ്ങള്‍ തയ്യാറായില്ല. സി.പി.എം എം.എല്‍.എ വി.ശിവന്‍കുട്ടി ഉടുത്തിരുന്ന മുണ്ട് പൊക്കിപ്പിടിച്ച് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു.
മന്ത്രിയെ തടയുന്നുവെന്ന പേരില്‍ അദ്ദേഹത്തെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇതര ഭരണപക്ഷ അംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം ആക്ഷേപിക്കാനും ശാരീരികമായി കൈയേറ്റംചെയ്യാനും ഇടതുപക്ഷത്തെ മിക്ക അംഗങ്ങളും മുന്നിട്ടിറങ്ങുകയായിരുന്നു. അതുകൊണ്ടുമരിശം തീരാഞ്ഞിട്ടാകാം വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളെ തള്ളിമാറ്റിയും ഭത്‌സിച്ചും സ്പീക്കറുടെ ഡയസില്‍ കയറി മൈക്കും കസേരയും ഉള്‍പ്പെടെ തകര്‍ത്തു താഴെയിട്ടത്്. ഇന്ന് സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമൊക്കെയായി വിലസുന്ന യഥാക്രമം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും ഡോ. കെ.ടി ജലീലുമടക്കമുള്ള ഇടതുപക്ഷ സാമാജികരാണ് കേസിലെ പ്രതികള്‍. ഇപ്പോഴത്തെ സ്പീക്കറും സംഭവത്തില്‍ പങ്കാളിയായിരുന്നുവെന്നത് വിരോധാഭാസമാണ്. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസാണ് സാമാജികര്‍ക്കെതിരെ സ്വീകരിച്ചത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് കേസ് എഴുതിത്തള്ളണമെന്ന ആവശ്യവുമായാണ്. സ്പീക്കറല്ല നിയമസഭാസെക്രട്ടറിയാണ് പരാതിപ്പെട്ടത് എന്ന വിതണ്ഡവാദമാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. മന്ത്രിമാരായ ജയരാജന്‍, കെ.ടി ജലീല്‍, സി.പി.എം എം.എല്‍.എമാരായിരുന്ന വി. ശിവന്‍കുട്ടി, കെ. അജിത്, കുഞ്ഞമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് നിയമസഭാസെക്രട്ടറിയുടെ പരാതിപ്രകാരമുള്ള കേസിലെ ആറു പ്രതികള്‍. ഇവര്‍ക്ക് ജാമ്യമില്ലാവകുപ്പ് ചുമത്തിയതിനാല്‍ അടുത്ത മാസം ആറിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികളെല്ലാവരും കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. കേസ് പിന്‍വലിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന ്കത്തു നല്‍കുകയും അത് സര്‍ക്കാര്‍ അപ്പടി കോടതിയോട് ആവശ്യപ്പെടുകയും ചെയ്തത്. അംഗങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് ജനം നേരിട്ട് കണ്ടതാണെന്നും നടപടിയെടുക്കാതിരുന്നാല്‍ അത് പൊതുജനത്തിന് മോശം സന്ദേശം നല്‍കലാവുമെന്നുമാണ് കോടതി എട്ടു പേജ് വരുന്നവിധിയില്‍ പറഞ്ഞിരിക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരും രാപ്പകല്‍ കഠിനാധ്വാനംചെയ്ത് സ്വരുക്കൂട്ടുന്ന ചെറുതുകകളില്‍ നിന്നാണ് സര്‍ക്കാരിലെയും നിയമ നിര്‍മാണസഭകളിലെയും ഏതാനും ആളുകള്‍ അതിന്റെയെല്ലാം പങ്ക് നികുതികളെന്നപേരില്‍ പറ്റുന്നത്. തെറ്റു ചെയ്തുപോയാല്‍ തെല്ലെങ്കിലും മന:സ്താപം തോന്നുന്നതിനുള്ള കേവലമനസ്സുപോലും മരവിച്ചുപോയവര്‍ക്കല്ലാതെ രണ്ടേകാല്‍ കോടിയോളം രൂപയുടെ പൊതുസ്വത്ത് നശിപ്പിച്ചിട്ട് കേസ് എഴുതിത്തള്ളണമെന്ന് വാദിക്കാന്‍ തോന്നില്ല. ജനാധിപത്യത്തിലുള്ള ജനവിശ്വാസം തകര്‍ന്നാല്‍ തകരുക നാടിന്റെ സ്വച്ഛതയാണ്. നിയമസഭകളെ അവഹേളിക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്നതിനാല്‍ സഭയില്‍ താന്തോന്നിത്തംകാട്ടുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് വിധി.