മുംബൈ: നടിയുടെ വാട്‌സാപ്പില്‍ അശ്ലീല വീഡിയോ കോള്‍ വന്ന സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്തു. യുവനടി നേരിട്ടെത്തി പരാതി നല്‍കിയതിന് പിന്നാലെ മുംബൈ വെര്‍സോവ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വെള്ളിയാഴ്ചയാണ് നടിയുടെ വാട്‌സാപ്പില്‍ അശ്ലീല വീഡിയോ കോളുകള്‍ വന്നത്. ആദ്യ രണ്ട് തവണ കോള്‍ സ്വീകരിച്ചില്ലെങ്കിലും മൂന്നാമതും കോള്‍ വന്നപ്പോള്‍ എടുത്തു. ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പകര്‍ത്തി.

സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സംഭവം വിശദീകരിച്ച് നടി ട്വിറ്റ് ചെയ്തിരുന്നു. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അടക്കം ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. ഇതോടെ ഫോണ്‍ ചെയ്ത വ്യക്തി വാട്‌സാപ്പിലൂടെ ക്ഷമ ചോദിച്ചെന്നും നടി പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.