സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സാപ്പ്. പ്രൈവറ്റ് പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വാട്‌സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്‌സാപ്പ് നിലപാട് മാറ്റിയത്.

ഫെയ്‌സ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കുന്ന അപ്‌ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി എട്ടിലെ സമയപരിധി വാട്‌സാപ്പ് റദ്ദാക്കി. പകരം പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ സമയം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിബന്ധനകള്‍ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്‌സാപ്പ് പറഞ്ഞു.

ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്‌സാപ്പ് നേരത്തെ പറഞ്ഞിരുന്നു.

വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പുതിയ പോളിസി അപ്‌ഡേറ്റിനെതിരെയാണ് ആഗോളതലത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നത്.