വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകാത്തതില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ളില്‍ അതൃപ്തി പുകയുന്നു. വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടി കര്‍ഷക വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവര്‍ത്തകരെ ഒപ്പംനിര്‍ത്താന്‍ വിഷയം ഉയര്‍ത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്.
മാണി വിഭാഗത്തിന്റെ കര്‍ഷക സംഘടനയായ കര്‍ഷക യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്. വന്യ ജീവി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നത്തില്‍ കേന്ദ്ര നിയമത്തിന്റെ അപര്യാപ്ത സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം വെച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളത്. വനമന്ത്രി ഉദ്യോഗസ്ഥര്‍ എഴുതിത്തരുന്നത് അതേപടി വായിക്കുന്നത് നിര്‍ത്തണമെന്ന് കര്‍ഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടന സജീവമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ എന്തു ചെയ്തുവെന്ന ചോദ്യം പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ട്. പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങുന്നത് ഇതുകൊണ്ടൊക്കെയാണ്. ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് കര്‍ഷക യൂണിയന്റെ തീരുമാനം. ഇത് ഇടതുമുന്നണിയില്‍ അസ്വാരസ്വം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.