സിലിക്കണ്‍വാലി: ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനം രാജിവെക്കാന്‍ താന്‍ തയാറല്ലെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ ഷെയര്‍ ഇടിയുന്ന സാഹചര്യത്തില്‍ രാജിവെക്കാന്‍ പറ്റിയ സമയമല്ല ഇപ്പോഴെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം പറഞ്ഞത്. ജൂലൈയിലെ റെക്കോര്‍ഡ് വിലയില്‍ നിന്ന് ഫേസ്ബുക്ക് ഓഹരി വില 132.43 ഡോളറില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ രാജിവെക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സുക്കര്‍ബര്‍ഗിനുമേല്‍ രാജി സമ്മര്‍ദ്ദം ശക്തമായിരുന്നു. ജീവിതകാലം മുഴുവന്‍ താന്‍ സിഇഒ സ്ഥാനത്ത് തുടരാന്‍ പോകുന്നില്ലെന്നും എന്നാല്‍ നിലവില്‍ രാജിവെക്കാന്‍ തീരുമാനിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.