ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ ലോകം. വലിയ ഉത്തരവാദിത്തമാണ് താങ്കളില്‍ വന്നുചേരുന്നതും അത് നിര്‍വഹിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നതായും ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രാഹുലിന് ആശംസ അറിയിച്ചു.

നിങ്ങളുടെ ചുമലിന് എല്ലാ കരുത്തും പകരുന്നു: കമല്‍ഹാസന്‍


ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്ന് തെന്നിന്ത്യയുടെ ഉലകനായകന്‍ കമല്‍ഹാസന്‍. അഭിനന്ദനങ്ങള്‍ രാഹുല്‍ജി. നിങ്ങളുടെ ഇരിപ്പിടമല്ല നിങ്ങളെ നിര്‍വചിക്കുന്നത്. നിങ്ങളാണ് നിങ്ങളുടെ ഇരിപ്പിടത്തെ നിര്‍വചിക്കുന്നത്. നിങ്ങളുടെ മുന്‍ഗാമികളെ ഞാന്‍ ആദരിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും എന്റെ ആദരം പിടിച്ചുപറ്റുന്നതായിരിക്കുമെന്ന് ഉറപ്പുണ്ട്. നിങ്ങളുടെ ചുമലുകള്‍ക്ക് എല്ലാ കരുത്തും പകരുന്നു- കമല്‍ഹാസന്‍ കുറിച്ചു.