ഡല്‍ഹി: ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ വെള്ളിയാഴ്ച ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. ”ജീവിതത്തില്‍ മോദി ഏതെങ്കിലും സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ?, ഗൂഗ്‌ളില്‍ ഞാന്‍ തിരഞ്ഞിട്ട് കണ്ടത് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ‘മൊത്തം രാഷ്ട്രീയമീമാംസയിലും’ നേടിയ ബിരുദം മാത്രമാണ്. വിഷയത്തില്‍ ആര്‍ക്കെങ്കിലും എനിക് അവബോധം നല്‍കാനാവുമോ” എന്നാണ് ചോദ്യം.

മൊത്തം രാഷ്ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന് തിരിച്ചറിഞ്ഞ ചിലര്‍ ആ പറഞ്ഞ ബിരുദം ബ്രഹ്മാണ്ഡ രാഷ്ട്ര മീമാംസയിലാണെന്നു തിരുത്തുന്നുണ്ട്. കശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ പോയത് സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലര്‍ രഥയാത്രക്കിടെ അദ്വാനിയില്‍നിന്ന് മൈക് വാങ്ങിയതിന്റെ ചിത്രമുണ്ടെന്നും പറയുന്നു.

മുന്‍ കേന്ദ്ര ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയെ ട്വിറ്ററില്‍ രണ്ടു ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെ സമൂഹ മാധ്യമത്തില്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുള്ള സിന്‍ഹ ജസ്റ്റീസ് ഗൊഗോയ്ക്കു നല്‍കിയതിന് സമാനമായി ജസ്റ്റ്‌സ് എം.ആര്‍ ഷാക്കും വിരമിച്ച ശേഷം രാജ്യസഭ സീറ്റ് നല്‍കി അനുഗ്രഹിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.