ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം നോട്ട് നിരോധനമല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത. യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് ആദിത്യനാഥ് മോദിക്ക് വലിയ വെല്ലുവിളിയാകുമെന്ന് ശേഖര്‍ ഗുപ്ത വെളിപ്പെടുത്തുന്നത്.

ബി.ജെ.പിയുടെ മുഖമായി ആദിത്യനാഥ് മാറിയിട്ടുണ്ടെങ്കില്‍ അതുകൊണ്ടൊന്നും വോട്ട് നേടാനാവില്ല. ആദിത്യനാഥിന്റെ മികവുകൊണ്ടല്ല ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിച്ചത്. സ്വന്തം അണികളെ വിലകുറഞ്ഞ വിദ്വേഷപ്രചാരണങ്ങളിലൂടെ ഇളക്കിവിടാന്‍ മാത്രം കഴിയുന്ന നേതാവാണ് അദ്ദേഹം. ഇത് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ലാഹോറില്‍ ദുരന്തമുണ്ടായാല്‍ പെഷവാറിലും അത് പ്രതിഫലിക്കുമെന്നൊരു പഞ്ചാബി ചൊല്ലുണ്ട്. അതുപോലെ യോഗിയുടെ രീതികള്‍ മോദിക്ക് തിരിച്ചടിയാകുമെന്നും ശേഖര്‍ ഗുപ്ത പറയുന്നു.