അഡ്വ. ടി സിദ്ദിഖ്

താന്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ലെന്നും തന്റെ ഭരണകൂടം തിയോക്രസിയില്‍ അധിഷ്ഠിതമാണെന്നും ഒരു ഭരണാധികാരി വിശ്വസിച്ചാല്‍ എങ്ങനെയിരിക്കും? ഡെമോക്രസി എന്ന മധുരമനോജ്ഞ പദത്തിന്പകരം തിയോക്രസിയും (ദിവ്യാധിപത്യവും) ഹൈറോക്രസി (പൗരോഹിത്യ തിയോക്രസി) യുമാണ് തന്റെ നാടിന്റെ മുഖവാചകമെന്ന് അദ്ദേഹം കരുതുന്നു; ഇന്ത്യന്‍ ഭരണഘടനയല്ല മനുസ്മൃതിയാണ് പ്രാമാണിക ഗ്രന്ഥമെന്ന് വിശ്വസിക്കുന്നു. ചാതുര്‍വര്‍ണവ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദലിത് ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ വിസമ്മതിക്കുന്ന ആശയധാരയും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒരുവിധ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരല്ലെന്ന് കരുതുന്ന, സ്ത്രീയെന്നാല്‍ പുരുഷാധിപത്യ സമൂഹത്തില്‍ അടിമയെന്ന് ധരിച്ചുപോരുന്ന വിശ്വാസസംഹിതയുമാണ് യോഗി ആദിത്യനാഥെന്ന മുഖ്യമന്ത്രിയെ നയിക്കുന്നത്; അത്യന്തം നടുക്കമുളവാക്കുന്ന വാര്‍ത്തകള്‍ ഒന്നിന്പിറകെ ഒന്നായി പുറത്തുവരുമ്പോഴും അതെല്ലാം തിയോക്രസിയുടെ അനിവാര്യതയാണെന്ന് യോഗി കരുതുന്നുണ്ടാവണം.

അജയ് മോഹന്‍ ബിഷ്ത് എന്ന പൂര്‍വാശ്രമത്തില്‍നിന്ന് സന്യാസി ജീവിതവും ഇരുപത്തിയാറാം വയസ്സ് മുതല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും തുടങ്ങിയ യോഗിയെ, മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യം സംഘ്പരിവാറില്‍ പ്രബല വിഭാഗം മുന്നോട്ടുവെക്കുകയാണ്; യോഗിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നത് 2016ല്‍ ഗോരഖ്പൂരില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയം സന്ദര്‍ഭവശാല്‍ ഓര്‍ക്കണം. ശിവരാജ്‌സിങ് ചൗഹാനോ ദേവേന്ദ്ര ഫഡ്നാവിസിനോ ഇല്ലാത്തവിധം യോഗിയില്‍ ഇവര്‍ കാണുന്ന സവിശേഷ ഗുണം എന്താവും? ആ പ്രത്യേകതയാണ് യു.പിയില്‍നിന്ന് കരളയിപ്പിക്കുന്ന കഥകളായി പുറത്തുവരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ കണ്ണീരായി മാറുകയാണ് യു.പി. ദലിത്-സ്ത്രീ പീഡന പരമ്പരകള്‍ മാത്രമല്ല, മനുഷ്യത്വരഹിതമായി വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന ഭരണസംവിധാനത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ്. കൊലപാതകം, ആള്‍ക്കൂട്ട ആക്രമണം, ലൈംഗിക അതിക്രമണം, പൊലീസ് ക്രൂരതകള്‍ എന്നിവയില്‍ പകരംവെക്കാനില്ലാത്ത ദേശമായി മാറി കഴിഞ്ഞു ഉത്തര്‍പ്രദേശ്. യു.പിയുടെ ഹൃദയഭാഗത്തുള്ള ഹത്രാസില്‍ ദലിത് വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് സെപ്തംബര്‍ 17 നാണ്. ആ നടുക്കത്തിനിടയിലാണ് മറ്റൊരു ദലിത് വിദ്യാര്‍ഥിനി ബല്‍റാംപുരില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത്.

ഹത്രാസില്‍ 19 കാരിയെ സവര്‍ണ വിഭാഗക്കാരായ യുവാക്കള്‍ പതിയിരുന്ന് പിടികൂടി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, നാക്കരിഞ്ഞും ഇടുപ്പെല്ല് തകര്‍ത്തും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചും ജീവച്ഛവമായി ഉപേക്ഷിക്കുകയും മരണത്തിന് എറിഞ്ഞുകൊടുക്കുകയും ചെയ്ത സംഭവത്തിന്റെ പ്രകമ്പനം ഇപ്പോഴും രാജ്യത്ത് അലയടിക്കുകയാണ്. ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നും ഗ്രാമത്തിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പകല്‍ സമയത്ത് പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം പോലും അധികൃതര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, വീട്ടിലേക്ക് കൊണ്ടുപോകാതെ രാത്രിയുടെ മറവില്‍ പൊലീസുകാര്‍തന്നെ ബലം പ്രയോഗിച്ച് കത്തിച്ചുകളഞ്ഞു. പുറംലോകവുമായി ബന്ധം വിച്ഛേദിച്ച് കുടുംബത്തെ പൂട്ടിയിടുകയായിരുന്നു പൊലീസ്. അവരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ വിലക്കി. അവരുടെ ബന്ധുവായ ഒരു കുട്ടി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഗ്രാമത്തിന് പുറത്ത് എത്തിയതോടെയാണ് വിവരങ്ങള്‍ ലോകമറിഞ്ഞത്.

യുവതിയുടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിക്കാന്‍ ഉത്തരവിട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ക്കെതിരെ നടപടിയില്ല. ജില്ലാ മജിസ്ട്രേറ്റ് യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പെണ്‍കുട്ടി ലൈംഗിക അതിക്രമങ്ങള്‍ക്കിരയായിട്ടില്ല എന്നവിധം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടും യോഗി സര്‍ക്കാര്‍ ചെറുവിരലനക്കിയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്റെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ജീവനുള്ള മനുഷ്യന്റെ അവകാശം മാത്രമല്ല, അന്തസ്സോടെ മരിക്കാനും അന്തസ്സോടെ സംസ്‌കരിക്കപ്പെടാനുള്ള അവകാശം കൂടി അതില്‍ അടങ്ങിയിരിക്കുന്നു. കേവലം സംസ്‌കരിക്കല്‍ മാത്രമല്ല, അവരവരുടെ വിശ്വാസവും ആചാരവും അനുസരിച്ച് സംസ്‌കരിക്കപ്പെടാനുള്ള അവകാശം മരണമടയുന്ന ശരീരത്തിനുണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവിധ കോടതിവിധികള്‍ അര്‍ത്ഥശങ്കയില്ലാത്ത വിധം അടിവരയിടുന്നത്. മനുഷ്യന്‍ മനുഷ്യനെ ഭയപ്പെട്ട് കഴിയുന്ന നിപ, കോവിഡ് സമയത്തുപോലും മൃതദേഹത്തിനുള്ള ഈ അവകാശം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് സാധിച്ചിട്ടുണ്ട്. അവിടെയാണ് യോഗിയുടെ പൊലീസ് ഏറ്റവും വലിയ ഭരണഘടനാലംഘനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെക്കുറിച്ച് എന്തെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇപ്രകാരം പെരുമാറില്ലായിരുന്നു.

പ്രതികള്‍ അറിയപ്പെടുന്ന ബി.ജെ.പി നേതാക്കളല്ല, മേല്‍ജാതിക്കാര്‍ മാത്രമാണ്. എന്നിട്ട് കൂടി സര്‍ക്കാര്‍ എന്തിനാവും ഇങ്ങനെയെല്ലാം ചെയ്തത്? കാട്ടുനീതി എന്ന യോഗി നീതിയാണ് അവിടെ നടപ്പാക്കിയത്. ഹത്രാസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം നാവുകള്‍ മുറിച്ചുമാറ്റിയെങ്കില്‍, ലാഖിംപൂര്‍ ജില്ലയില്‍ 13 കാരിയായ ദലിത് പെണ്‍കുട്ടിയെ അക്രമികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയാണ് ചെയ്തത്. യോഗിയുടെ സ്വന്തം ഖോരഗ്പൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ സിഗരറ്റ്കൊണ്ട് ദേഹമാസകലം പൊള്ളലേല്‍പ്പിച്ച വാര്‍ത്തയും പുറത്തുവന്നു. അവിടെയെല്ലാം യോഗിയും യോഗിയുടെ കാക്കിപ്പടയുമാണ്് പ്രതികള്‍ക്ക് പരിരക്ഷയൊരുക്കുന്നത്. ഉന്നത ബി.ജെ.പി നേതാവ്തന്നെ പ്രതിയായാല്‍ എന്ത് സംഭവിക്കുമെന്ന് ഉന്നാവോ കേസ് സാക്ഷ്യപ്പെടുത്തുന്നു.

2017 ജൂണില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ ബംഗേര്‍മൗ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറും കൂട്ടാളികളുംചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയേയും പ്രതികള്‍ ആക്രമിച്ചു. തുടക്കം മുതല്‍ പ്രതികള്‍ക്കൊപ്പമായിരുന്നു പൊലീസ്. പരാതി പറഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിനെ ആയുധം കൈവശംവെച്ചെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്തു. സ്റ്റേഷനില്‍ എം.എല്‍. എയുടെ സഹോദരന്റെ മര്‍ദ്ദനത്തെതുടര്‍ന്ന് പിതാവ് മരണമടഞ്ഞു. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ തീ കൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് ക്രൂരപീഡന കഥ പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു; ഇര സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ തത്ക്ഷണം മരിച്ചു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് രാജ്യതലസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. സംഘ്പരിവാറിന്റെ ദേശീയ പ്രതീകമായി ഉയര്‍ത്തപ്പെടുന്ന വ്യക്തിക്ക് കീഴില്‍ നീതികിട്ടില്ലെന്നും യു.പിക്ക്പുറത്തു മാത്രമേ അല്‍പമെങ്കിലും പ്രതീക്ഷയുള്ളൂവെന്നും ഉന്നാവോ ബോധ്യപ്പെടുത്തുന്നു. ഹത്രാസ് കേസിലും അതേ വഴി മാത്രമേ കരണീയമായുള്ളൂ.
ആറു മാസത്തിനിടെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും മുമ്പിലെന്നതിന് നിരവധി തെളിവുകളുണ്ട്. മാര്‍ച്ച് മുതല്‍ സെപ്തംബര്‍ 20 വരെ ദേശീയ വനിതാകമ്മിഷന്മാത്രം യു.പിയില്‍നിന്ന് ലഭിച്ചത് 5470 പരാതികളാണ്. കോവിഡ് അടച്ചിടല്‍ ആരംഭിച്ച മാര്‍ച്ചില്‍ 699 പരാതികള്‍ ലഭിച്ചു. ദേശീയ കുറ്റകൃത്യ റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകളാവട്ടെ ഞെട്ടിപ്പിക്കും വിധമാണ്. ദലിത് പീഡനങ്ങളുടെ രാജ്യതലസ്ഥാനമെന്ന് നിസ്സംശയം യു.പിയെ വിശേഷിപ്പിക്കാവുന്ന വിധമാണ് ഗ്രാഫുകള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ 7.3 ശതമാനം കൂടിയെന്നും നാലു ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും പറയുന്നു. 2018 ല്‍ 3,78,236 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

പട്ടികജാതിക്കാര്‍ക്ക് എതിരേയുള്ള അക്രമങ്ങള്‍ ഏഴു ശതമാനം കൂടിയപ്പോള്‍ പട്ടിക വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമണം 26 ശതമാനം വര്‍ധിച്ചു. പട്ടികജാതി സ്ത്രീകളെ യു.പിയില്‍ ക്രൂരമായി വേട്ടയാടുകയാണെന്നതിന് സാക്ഷ്യമായി 11,829 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പട്ടികവര്‍ഗക്കാരായ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം 26 ശതമാനമാണ് കൂടിയത്. 2018 ല്‍ 6528 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 8,257 കേസുകളാണ്. ആക്രമണത്തിനിരയാവുന്നവരില്‍ 95 ശതമാനവും ദലിത് പെണ്‍കുട്ടികള്‍ ആണെന്നതും വസ്തുത. സിംഹഭാഗം അക്രമകാരികളും മേല്‍ജാതിക്കാരായ ഒരു കൂട്ടമാണ്. ഇരകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തുകയാണ് രീതി. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കും ദലിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചതായി അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റിയുടെ റിപ്പോര്‍ട്ടും മുമ്പിലുണ്ട്; അവിടെയും യു.പി ഏറെ മുമ്പിലാണ്. 2019ന്റെ പകുതിവരെ മാത്രം 181 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള വിദ്വേഷ അക്രമങ്ങളിലേറേയും നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് എടുത്തുകാട്ടുന്നു.

ഇതര സംസ്ഥാനങ്ങളില്‍ മാനഭംഗ-അക്രമണ കേസുകള്‍ ഇല്ലെന്നല്ല. അവിടങ്ങളില്‍ പ്രതികള്‍ പിടികൂടപ്പെടുകയാണ് പതിവ്. മൃതദേഹങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാറില്ല. 2019 ല്‍ ഗ്രാമമുഖ്യനും സംഘവും വെടിവെച്ചുകൊന്ന സോന്‍ ഭദ്രയിയിലെ ആദിവാസി കര്‍ഷകരുടെ നിലവിളിയും ഒറ്റപ്പെട്ട സംഭവമല്ല. മഹാത്മജി ‘ദൈവത്തിന്റെ മക്കള്‍’ എന്ന് വിശേഷിപ്പിച്ചവരെ ചേര്‍ത്തുപിടിക്കേണ്ടത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ജാതികേന്ദ്രീകൃത ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ ഭരണഘടനയുടെ അന്തസത്ത ഉപയോഗിച്ച് നവീകരിക്കാമെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായി രൂപപ്പെട്ട അതേ ഭരണഘടന മാറ്റിവെച്ചാണ് യോഗിമാര്‍ പരിഷ്‌കൃതലോകത്തിന് ഉള്‍ക്കൊള്ളാനാവാത്ത മനുസംഹിതകളെ ഭരണതലത്തില്‍ പ്രയോഗിക്കുന്നത്. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും ഹത്രാസിലെ വിലാപഭൂമിയിലേക്ക് കടന്നു ചെന്നില്ലായിരുന്നെങ്കില്‍ എത്ര ഗൂഢമായി ഈ കേസുതന്നെ തമസ്‌കരിക്കപ്പെട്ടേനെ.

നിരോധനാജ്ഞയും ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് പ്രതിരോധം തീര്‍ത്തും രാഷ്ട്രീയക്കാര്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ ഇടത്തേക്കാണ് പിന്തിരിയാതെ, സുരക്ഷയെപ്പോലും അവഗണിച്ച് അവര്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയുടെ ആത്മാവിനെ, ഇന്ത്യന്‍ ഭരണഘടനയെ വീണ്ടെടുക്കാനുള്ള ചരിത്ര പോരാട്ടമായി ആ യാത്ര അടയാളപ്പെടുത്തുന്നതും അതുകൊണ്ടാണ്. ഭാരതീയ സംസ്‌കാരത്തിന്റെ മഹോന്നത സന്യാസി ശ്രേഷ്ഠനായ സ്വാമി വിവേകാനന്ദന്റെ ഇന്ത്യയില്‍ യോഗിയന്‍ തത്വശാസ്ത്രം ഉയര്‍ത്തുന്ന ചോദ്യങ്ങളും പ്രശ്‌നങ്ങളും സമഗ്രതലത്തില്‍ പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. സ്വാമി വിവേകാന്ദന്‍ പറഞ്ഞ മാനവികതയിലേക്കുള്ള പ്രയാണമാണ് രാഹുലും പ്രിയങ്കയും ഹത്രാസിലേക്കുള്ള യാത്രയിലൂടെ തുടങ്ങിയത്. യോഗി കാഴ്ചപ്പാടുകള്‍ക്കെതിരായ ജനാധിപത്യ പ്രതിരോധത്തിന്റെ കാല്‍വെപ്പ്.
(കെ.പി.സി.സി ഉപാധ്യക്ഷനാണ് ലേഖകന്‍)