സ്‌റ്റോക്ക്‌ഹോം: വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ജപ്പാനീസ് ശാസ്ത്രജ്ഞന്‍ യോഷിനോരി ഒസുമിക്ക്. ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള പഠനങ്ങള്‍ക്കാണ് പുരസ്‌കാരം.
പഴയ ശരീര കോശങ്ങള്‍ക്കു പകരം പുതിയവ രൂപപ്പെടുന്നത്(ഓട്ടോഫാജി) സംബന്ധിച്ച ഗവേഷണങ്ങളാണ് ടോക്യോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രഫസറായ ഒസുമിക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തത്. 1974ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയ ശാസ്ത്രജ്ഞന്‍ ക്രിസ്ത്യന്‍ ഡി ഡുവേ ആണ് 1960കളില്‍ ഓട്ടോഫാജി പ്രതിഭാസത്തെ ആദ്യം പരാമര്‍ശിക്കുന്നത്. 1963ലായിരുന്നു ഇതിലേക്ക് നയിച്ച അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഈ ദിശയില്‍ തുടര്‍പഠനം നടത്തിയ ഒസുമി ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്.
രോഗാവസ്ഥയിലുള്ള ശരീര കോശങ്ങളെ സ്വയം ഇല്ലാതാക്കാനും ആരോഗ്യമുള്ള ശരീര കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നായിരുന്നു ഒസുമിയുടെ കണ്ടെത്തല്‍. രോഗാവസ്ഥയിലുള്ള ശരീര കോശങ്ങളെ സ്വയം നശിക്കാന്‍ വിടുന്നതിലൂടെ പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം തുടങ്ങിയ രോഗങ്ങളെ മറികടക്കാനും വാര്‍ധക്യ സഹജമായ അസുഖങ്ങളെ നിയന്ത്രിക്കാനും കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി.
യീസ്റ്റ് കോശങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ഒസുമി ഓട്ടോഫാജി പ്രക്രിയക്ക് അവശ്യം വേണ്ട ജീനുകളെ വേര്‍തിരിച്ചറിയുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഓട്ടോഫാജി പ്രതിഭാസം എങ്ങനെ സംഭവിക്കുന്നുവെന്നും മനുഷ്യ സെല്ലുകളില്‍ ഈ പ്രതിഭാസം എങ്ങനെ സാധ്യമാകുമെന്നും ശാസ്ത്ര ലോകത്തിനു മുന്നില്‍ വിശദീകരിക്കുകയും ചെയ്തു. ക്യാന്‍സര്‍, ന്യൂറോളജി രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സാരംഗ ത്തും വലിയ പ്രതീക്ഷ പകരുന്നതാണ് ഒസുമിയുടെ ഗവേഷണങ്ങള്‍.
1945 ഫെബ്രുവരി ഒമ്പതിന് ജപ്പാനിലെ ഫുക്കുവോക്കയിലാണ് ഒസുമിയുടെ ജനനം. 1967ല്‍ ബിരുദവും 1974ല്‍ ഡോക്ടര്‍ ഓഫ് സയന്‍സസില്‍ ബിരുദവും നേടി. 1974-78 കാലയളവില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയായിരുന്നു. 1977ല്‍ റിസര്‍ച്ച് അസോസിയേറ്റായി ടോക്യോ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചെത്തി. 1986ല്‍ ലക്ചററും 88ല്‍ അസോസിയേറ്റ് പ്രഫസറുമായി. ജപ്പാന്‍ അക്കാദമി പുരസ്‌കാരം, ക്യോട്ടോ പ്രൈസ് ഉള്‍പ്പെടെ എട്ടോളം പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഊര്‍ജ്ജ തന്ത്ര നൊബേല്‍ പുരസ്‌കാരം ഇന്നും രസതന്ത്ര നൊബേല്‍ നാളെയും പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുക.