kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

By webdesk17

May 15, 2025

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. അഭിഭാഷകയുടെ ഇടതു കവിളില്‍ രണ്ടു തവണ പ്രതി അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. മോപ്സ്റ്റിക് കൊണ്ടും മര്‍ദിച്ചതായി അഭിഭാഷക പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.