തിരുവനന്തരപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഈഡി ചോദ്യംചെയ്ത കാര്യം മറച്ചുവെച്ച മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകപ്രതിഷേധം. യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് പലയിടത്തും അക്രമാസക്തമായി. തിരുവനന്തപുരത്ത് പ്രതിഷേധം പൊലീസും പ്രതിഷേധക്കാരുമായുള്ള തെരുവുയുദ്ധമായി മാറി.

മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലേക്ക് നീങ്ങി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.  പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ഷാഫി പറമ്പില്‍ എംഎല്‍എ, കെ.എസ്.ശബരീനാഥന്‍ എംഎല്‍എ അടക്കം ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോഴിക്കോട് കെഎസ്.യു നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.