ഭോപ്പാല്‍: നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച ബിസിനസുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സത്ന ജില്ലിയിലെ വ്യവസായിയായ നാല്‍പ്പതുകാരനാണ്് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസിന്റെ വലയിലായത്. ഇതേരീതിയില്‍ നിരവധി യുവതികളെ ഇയാള്‍ പീഡിപ്പിച്ചതായായും പതിനാറുകാരി അതില്‍ ഏഴാമത്തെ ആളാണെന്നും സാത്‌ന പൊലീസ് സൂപ്രണ്ട് റിയാസ് ഇഖ്ബാല്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവാവിനെതിരെയുള്ള പതിനാറുകാരിയുടെ പരാതി.
പീഡിപ്പിച്ച കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം ബ്ലാക്ക്മെയില്‍ ചെയ്യല്‍ ഇയാളുടെ പതിവാണെന്ന് സൂചന ലഭിക്കുകയായിരുന്നു. സത്‌ന ജില്ലയിലെ ഇയാളുടെ വീട്ടിലും ജിമ്മിലും സൈബര്‍ കഫേയിലുമായാണ് പരിശോധന നടന്നത്.

സ്ത്രീകളെ വശീകരിക്കാനായി ധാരാളം പണം ചെലവഴിക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു. വിവിധ പേരുകളില്‍ ഇയാള്‍ക്ക് പാസ്പോര്‍ട്ട് ഉള്ളതായും പൊലീസ് കണ്ടെത്തി. വീട്ടില്‍ നടത്തിയ റെയ്ഡില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും പേരിലുള്ള വ്യാജലെറ്റര്‍ പാഡുകളും കണ്ടെടുത്തു. ഈ ലെറ്റര്‍പാഡ് ഉപയോഗിച്ചാണ് ഇയാള്‍ ട്രെയിനുകളില്‍ വിഐപി ക്വാട്ടയില്‍ യാത്രചെയ്തതെന്നും പൊലീസ് പറഞ്ഞു. മതപരിവര്‍ത്തനം ചെയ്ത സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. 2017ല്‍ വിവാഹമോചനം നേടി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചതായി സത്ന ജില്ലാ പൊലീസ് മേധാവി റിയാസ് ഇഖ്ബാല്‍ പറഞ്ഞു.