തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമവും പി.എസ്.സി അഴിമതിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും, ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

അക്രമത്തിലും ലാത്തിച്ചാര്‍ജിലും നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഡീന്‍ കുര്യാക്കോസ് എം.പി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവര്‍ക്കും ഗ്രനേഡ് പ്രയോഗത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തിയ പന്തലിന് മുന്നില്‍ ഗ്രനേഡുകളും കണ്ണീര്‍ വാതക ഷെല്ലുകളും വന്ന് വീണതോടെ നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.