ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി കാര്യ ചുമതല യുവ നേതാക്കള്‍ക്ക്. പാര്‍ട്ടി പ്ലീനറി സമ്മേളന തീരുമാന പ്രകാരം യുവ നേതാക്കളായ രാജീവ് സതാവ്, ജീതേന്ദ്ര സിങ് എന്നിവരെ ഇരു സംസ്ഥാനങ്ങളുടേയും ചുമതലയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിങ് മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ബി.കെ ഹരിപ്രസാദിന് പകരമായാണ് ഒഡീഷയുടെ ചുമതലയേല്‍ക്കുന്നത്. 2019ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം മുതലാക്കി പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് ജിതേന്ദ്ര സിങിന്റെ ലക്ഷ്യം.
മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നിന്നുള്ള എം.പിയുമായ രാജീവ് സതാവ് മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിന് പകരക്കാരനായാണ് ഗുജറാത്തിന്റെ ചുമതലയേല്‍ക്കുന്നത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയത്തിനടുത്തെത്തുന്ന പ്രകടനത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ച സംസ്ഥാനത്തിന്റെ ചുമതലക്കാരന്‍ അശോക് ഗെലോട്ടിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തി.
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിനെ സംഘടനാ ചുമതലുയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെ വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പായി. ജനാര്‍ദ്ദന്‍ ദ്വിവേദി രാജിവെച്ച ഒഴിവിലേക്കാണ് ഗെഹ്‌ലോട്ടിന്റെ നിയമനം.ഇതിനു പുറമെ സേവാദളിന്റെ മുഖ്യ സംഘടനാ ചുമതലയില്‍ നിന്നും മഹേന്ദ്ര ജോഷിയെ ഒഴിവാക്കി ഗുജറാത്തില്‍ നിന്നുള്ള ലാല്‍ജി ദേശായിയേയും നിയമിച്ചിട്ടുണ്ട്.