ഓഖി ദുരിതാശ്വാസ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ രംഗത്ത. സര്‍ക്കാര്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം. വെറും 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കിയത്. മറ്റ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല. ഇതില്‍ തങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളനമൊക്കെ പറഞ്ഞാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നതെന്നും ലത്തീന്‍ സഭ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിക്കുന്നു.

കേരളത്തില്‍ 146 പേരാണ് മരിച്ചെന്നാണ് സഭയുടെ കണക്ക്. മരിച്ചവരുടെ എണ്ണത്തില്‍ ഇപ്പോഴും സര്‍ക്കാരിന് കൃത്യമായ കണക്കില്ല. സര്‍ക്കാര്‍ സഭയുമായി സഹകരിച്ചെങ്കില്‍ പുനരധിവാസം എളുപ്പമായേനെ. ദുരിത ബാധിതര്‍ക്ക് ജോലി, വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍ അതില്‍ മിക്കതും പാലിക്കപ്പെട്ടില്ല. ലത്തീന്‍ സഭയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ഇത് ഫലപ്രദമാകില്ല. 146 പേരാണ് കേരളത്തില്‍ മരിച്ചത്. ദുരിത ബാധിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന സഹായം എല്ലാം കൊടുത്തിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പരിക്കേറ്റ 498 പേരെ പരിഗണിച്ചില്ല. വിദ്യാര്‍ത്ഥികളുടെ പഠന ഫീസ്, വിവാഹ കാര്യം, വായ്പ എന്നിവയില്‍ അവ്യക്തത നിലനില്‍ക്കുന്നു. ഓഖി ദുരിതിബാധിതര്‍ക്കായി സര്‍ക്കാര്‍ സമാഹരിച്ച തുകയുടെ കാര്യത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണം. ലത്തീന്‍ സഭ സമാഹരിച്ച തുകയുടെ കണക്ക് സഭ പുറത്തുവിടുമെന്നും സൂസെപാക്യം പറഞ്ഞു.

പാര്‍ട്ടി സമ്മേളനങ്ങളുടെയും മറ്റ് സാമൂഹിക വിഷയങ്ങളുടെയും തിരക്ക് കാരണമായിരിക്കാം ഈ അലംഭാവം ഉണ്ടായത്. എല്ലാ പിന്തുണയും നല്‍കുന്ന അനുകൂല നിലപാടാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ പ്രവര്‍ത്തന രംഗത്ത് ഇത് പാലിക്കപ്പെടുന്നില്ല. കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകരുത്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം സംബന്ധിച്ച കോടതി വിധികളില്‍ അത്ഭുതമാണെന്നും സൂസെപാക്യം പറഞ്ഞു. ബാറുകള്‍ തുറന്നാല്‍ സഭ വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നായിരുന്നു സൂസെപാക്യത്തിന്റെ നിലപാട്. പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ നിയമമാണ് പാലിക്കേണ്ടത്. ഭൂമി ഇടപാടില്‍ മാത്രമാണ് അന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കര്‍ദിനാളിനെ കുറ്റക്കാരനാക്കി എന്ന രീതിയില്‍ പുകമറ ചിലര്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.