കര്‍ണാടകയിലെ കുതിരക്കച്ചവടം; ന്യായീകരണവുമായി അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ വളഞ്ഞ വഴികളിലൂടെ ബി.ജെ.പി നടത്തിയ നീക്കങ്ങളെ ന്യായീകരിച്ച് പാര്‍ട്ടി ദേശീയ പ്രസിഡണ്ട് അമിത് ഷാ. ജനവിധി കോണ്‍ഗ്രസിന് എതിരാണെന്നും തോല്‍വിയെ വിജയമാക്കി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. യദ്യൂരപ്പ സര്‍ക്കാറിന് വിശ്വാസ വോട്ടു തേടാനാവാതെ രാജിവെക്കേണ്ടി വന്നതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.

കര്‍ണാടകയില്‍ ജനവിധി കോണ്‍ഗ്രസിന് എതിരായിരുന്നെ്ന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് കോണ്‍ഗ്രസും ജെഡിഎസും ശ്രമിച്ചിരുന്നില്ലെങ്കില്‍ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമായിരുന്നെന്നും ഷാ പറഞ്ഞു.

ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറില്‍ നിന്ന് ഏഴ് ദിവസം കിട്ടിയെന്ന് സുപ്രീം കോടതിയിലെ കോണ്‍ഗ്രസിന്റെ വാദം കള്ളമാണെന്നും അമിത് ഷാ ആരോപണമുയര്‍ത്തി.

അതേസമയം മെയ് 15ലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വളഞ്ഞ വഴികളിലൂടെ അധികാരത്തിലേറിയ കര്‍ണാടകയിലെ യദ്യൂരപ്പ സര്‍ക്കാറിന് വിശ്വാസ വോട്ടു തേടാനാവാതെ നാണംകെട്ട് രാജിവെക്കേണ്ടി വന്നതിനു ശേഷം ആദ്യമായാണ് ഷാ പ്രതികരിക്കുന്നത്. യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഷാ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങള്‍ എന്തിനാണ് ആഘോഷിക്കുന്നത് വോട്ടുകള്‍ നിങ്ങള്‍ക്ക് എതിരായിരുന്നു എന്നായിരുന്നു ഷായുടെ വാദം. എന്നാല്‍ സമീപ കാലത്ത് ബിജെപി അധികാരത്തില്‍ ഏറിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ പാര്‍ട്ടിയെന്ന് കാര്യം മറച്ചുവെച്ചായിരുന്നു ബിജെപി അധ്യക്ഷന്റെ ന്യായവാദങ്ങള്‍.

SHARE