Connect with us

Video Stories

അസമില്‍ നിന്നുയരുന്ന വര്‍ഗീയ അട്ടഹാസം

Published

on

കെ.പി ജലീല്‍

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടക്കംതന്നെ വലിയ ആശങ്കകളും ഉല്‍കണ്ഠകളുമാണ് ഇന്ത്യാമഹാരാജ്യത്തിന്റെ ഹൃദയത്തിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ഏഴു പതിറ്റാണ്ടായി കഴിഞ്ഞ ഭരണകാലങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയിലുള്ള ഭീതിയാണ് സകല മേഖലകളിലും ഈ സര്‍ക്കാര്‍ വിതച്ചുകൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണ് മുത്തലാഖ് നിരോധനനിയമം മുതല്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥന പദവി റദ്ദാക്കിയതും വിഭജനവുമടക്കമുള്ളവ. ഈ പ്രക്രിയ അവിടംകൊണ്ട് അവസാനിക്കുന്നില്ലെന്നും രാജ്യത്തിന്റെ മതേതര സത്തയെ തച്ചുതകര്‍ത്ത് ഏക ധ്രുവ സാംസ്‌കാരികതയിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയാണെന്നും ഒന്നുകൂടി തെളിയിക്കുന്നതാണ് ഇന്ന് അസമില്‍നിന്നും ആട്ടിയോടിക്കപ്പെടുന്ന കാല്‍ലക്ഷത്തിലധികം പൗരന്മാര്‍. അസമില്‍ നടപ്പാക്കുന്ന പൗരത്വ രജിസ്റ്റര്‍ നിയമ (എന്‍.ആര്‍.സി) മാണ് ഇതിന് വഴിവെക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ തയ്യാറാക്കിയ കരട് പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരില്‍ മുസ്്‌ലിംകളാണ് അധികവും. അയല്‍ രാജ്യമായ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരെന്ന് മുദ്രകുത്തിയാണ് 41 ലക്ഷത്തിലധികംപേരെ കരടു പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനാണ് ഇന്ന് അന്തിമാംഗീകാരം നല്‍കുന്നത്. 1951ലെ അസം പൗരത്വ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് മോദി-സോനോവാല്‍ സര്‍ക്കാരുകളുടെ ഈ ന്യൂനപക്ഷ ഉന്മൂലന പദ്ധതി.

മുസ്്‌ലിംകളെ മാത്രം ഒഴിവാക്കുന്ന പൗരത്വ നിയമം-2019 ഈവര്‍ഷം ജനുവരിയില്‍ ലോക്‌സഭയില്‍ പാസാക്കിയതോടെ സര്‍ക്കാരിന്റെയും ആര്‍.എസ്.എസ്സിന്റെയും ഗൂഢ ലക്ഷ്യമാണ് പുറത്തായിരിക്കുന്നത്. ഇന്ന് അസം പൗരത്വപട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന ബംഗ്ലാദേശിഹിന്ദുക്കളെ പൗരന്മാരായി തുടരാന്‍ അനുവദിക്കുന്നതിനാണിത്. മതത്തിന്റെ പേരില്‍ രണ്ടു തരം നീതി നടപ്പാക്കുന്നതിനെ മനുഷ്യരായി പിറന്നവര്‍ക്കാര്‍ക്കും അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ നിയമം നടപ്പാക്കാനാണത്രെ സര്‍ക്കാര്‍ നീക്കം. 1950 ജനുവരി 26ന് രാജ്യം ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് രാജ്യത്ത് അന്നുവരെ താമസിക്കുന്നവര്‍ക്കുവേണ്ടി പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ത്രിപുര, മണിപ്പൂര്‍ എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി ഇത് ബാധകമായിരുന്നെങ്കിലും അസമില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. ഇതനുസരിച്ച് പത്തു വര്‍ഷം കൂടുമ്പോള്‍ പട്ടിക പുതുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. 1980കളില്‍ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (ആസു) ആണ് അന്യദേശക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തികച്ചും വിഷലിപ്തമായ പ്രചാരണവുമായി രംഗത്തുവന്നത്. ഇതിനെ അസം ഗണപരിഷത്ത് എന്ന രാഷ്ട്രീയ കക്ഷിയും പിന്തുണച്ചതോടെ വലിയതോതിലുള്ള പ്രക്ഷോഭത്തിലേക്കും ഏറ്റുമുട്ടലിലേക്കും കൊലപാതകങ്ങളിലേക്കും ഇത് ചെന്നെത്തുകയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് പ്രശ്‌നത്തിന് ശാശ്വതപരിഹാരം എന്ന നിലക്ക് 1985 ആഗസ്ത് 15ന് ആസുവുമായി കരാര്‍ ഒപ്പിട്ടത്. 1971 മാര്‍ച്ച് 24 ന് വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ ഉള്‍പ്പെടുത്തി പൗരത്വപട്ടിക തയ്യാറാക്കണമെന്നായിരുന്നു കരാര്‍.

നീണ്ട വര്‍ഷത്തെ പ്രക്ഷോഭത്തിന് അറുതിയായതും ജനങ്ങള്‍ സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും കഴിഞ്ഞുവരുന്നതിനിടെ 2013 ലാണ് ബി.ജെ.പിയുടെ ആശിസ്സുകളോടെ പ്രശ്‌നം ചില കുബുദ്ധികള്‍ വീണ്ടും കുത്തിപ്പൊക്കിയത്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച് പൗരത്വ നിര്‍ണയ ഓഫീസുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇതിലേക്ക് അപേക്ഷിച്ചതാകട്ടെ 3.26 കോടി ആളുകളായിരുന്നു. ചിലരുടെ ഹര്‍ജിയിലൂടെ സുപ്രീംകോടതിയില്‍ കേസ് വന്നതോടെ കോടതിയുടെ നിരീക്ഷണത്തിലായിരുന്നു പിന്നീടുള്ള പട്ടിക തയ്യാറാക്കല്‍. ഇതനുസരിച്ച് നിലവില്‍ 41,10,169 ആളുകളെയാണ് ഇന്ത്യന്‍ പൗരത്വത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിലെ വൈരുധ്യം പ്രകടമായത് പ്രമുഖ സാഹിത്യകാരന്മാരും ജനപ്രതിനിധികളും സൈന്യത്തില്‍ അര നൂറ്റാണ്ടുകാലം സേവനം അനുഷ്ഠിച്ചവരുമൊക്കെ പട്ടികയില്‍നിന്ന ്പുറന്തള്ളപ്പെട്ടുവെന്നതിലായിരുന്നു. 1987ല്‍ ഇന്ത്യന്‍ മിലിറ്ററിയില്‍ ചേര്‍ന്ന 52കാരനായ മുഹമ്മദ് സനാഉല്ല പൗരത്വപട്ടികയിലെ അപരവത്കരണത്തിന്റെ പ്രതീകമായി രാജ്യശ്രദ്ധ പിടിച്ചുപറ്റിയത് അങ്ങനെയാണ്. ഇന്ത്യക്കാരനല്ലെന്ന് പറഞ്ഞ് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റപ്പെട്ട ഇദ്ദേഹത്തിനുവേണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നല്‍കിയ വിധിയിലൂടെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയിരിക്കുകയാണ് സനാഉല്ലക്ക് ഇപ്പോള്‍. ഇതുപോലെ മൂന്നുമക്കളുടെ പിതാവായ പഞ്ചായത്തംഗത്തിന്റെ ഭാര്യയെ മാത്രം തടവിലേക്ക് മാറ്റി. പൗരത്വം തെളിയിക്കാനുള്ള രേഖയായി ആവശ്യപ്പെടുന്നത് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എല്‍.ഐ.സി പോളിസിരേഖ, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയവയാണ്. ഇവ കാണിച്ചിട്ടും ‘കുടുംബവൃക്ഷം’ അഥവാ പൂര്‍വികര്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാത്തതിനാലാണ് ബഹുഭൂരിപക്ഷം പേരെയും പുറത്താക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അസം നേപ്പാളി സാഹിത്യപരിഷത്തിന്റെ അധ്യക്ഷന്‍ അറുപതുകാരനായ ദുര്‍ഗകാട്ടിവാഡയെവരെ ഡി (ഡൗട്ട്ഫുള്‍-സംശയകരം) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

തലമുറകളായി താമസിച്ച് ജീവസന്ധാരണം നടത്തിവന്നിരുന്നവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുനിന്ന് പുറന്തള്ളപ്പെടേണ്ടിവരുന്നു എന്നതിന്റെ ആഘാതം ഏത് നിയമത്തിന്റെയും ചട്ടത്തിന്റെയും പരിധിക്കുള്ളില്‍നിന്ന് വാദിച്ചുജയിച്ചാലും അവരുടെ മനസ്സിനുണ്ടാക്കുന്ന നീറ്റല്‍ അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയാനാകൂ. കശ്മീരില്‍ ഒരു സമുദായത്തെ മുന്‍നിര്‍ത്തി അച്ചടക്കത്തിന്റെ പേരില്‍ അസ്വാതന്ത്ര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നവര്‍ക്ക് അസമിലെ കാല്‍ലക്ഷത്തിലധികം പേരുടെ കാര്യത്തില്‍ വലിയ ഉത്കണ്ഠയുണ്ടാകേണ്ട കാര്യമില്ല. രാജ്യത്ത് മുസ്്‌ലിംകളെ അപകവത്കരിക്കുകയും വേണ്ടിവന്നാല്‍ കൃത്രിമമായ ജാതിമതാഭിമാനത്തിന്റെ പേരില്‍ വഴിയിലിട്ട് തല്ലിക്കൊല്ലുകയും ചെയ്യുന്നവര്‍ക്കും അന്യ ദേശത്തുനിന്ന് അഭയം തേടിയെത്തിയ രോഹിംഗ്യന്‍ വംശജരെ ആട്ടിയോടിക്കാന്‍ തീരുമാനിച്ചവര്‍ക്കും അസമികളുടെ കാര്യത്തില്‍ തെല്ലെങ്കിലും ഉള്‍ക്കുത്തുണ്ടാകുമെന്ന് ധരിക്കുന്ന നമുക്കാകും തെറ്റുപറ്റുന്നത്. ഇവിടെ നിയമത്തിനും ചട്ടത്തിനുമപ്പുറമുള്ള മനുഷ്യത്വവും കാരുണ്യവുമാണ് ഓരോ ഭാരതീയന്റെയും അന്തരാളങ്ങളില്‍നിന്നുയരേണ്ടത്. ബംഗ്ലാദേശ് രാഷ്ട്രത്തെ സൃഷ്ടിക്കാന്‍ നാമാണ് സൈന്യത്തെ അയച്ചതും തല്‍ഫലമായി പതിനായിരങ്ങള്‍ ഇന്ത്യയിലേക്ക് കുടിയേറിയതുമെന്ന ചരിത്ര വസ്തുത മറക്കാതിരിക്കുക.1971 മാര്‍ച്ച് 25നായിരുന്നു പാകിസ്താനുമായുള്ള അവസാന യുദ്ധമെന്നത് ഇതിന്റെ തൊട്ടുതലേന്ന് വെച്ച് പൗരത്വപദവിക്ക് മാനദണ്ഡമാക്കുമ്പോള്‍ നാമോര്‍ക്കണം, അതിനുശേഷം ഇന്ത്യയിലേക്ക് വന്നതിനേക്കാള്‍ എത്രയോ അധികം പേരാണ് 1901നും 1970നും ഇടയില്‍ ഇന്ത്യയിലേക്ക് ഒഴുകയതെന്ന്. ഒരു കണക്ക് പ്രകാരം അസമിലെ ജനസംഖ്യാവര്‍ധനവ് 1901നും 1971ും ഇടയില്‍ വര്‍ധിച്ചത് 23.95 ശതമാനമാണെങ്കില്‍, 1971-2011 കാലത്ത് രാജ്യത്തെ ജനസംഖ്യാവര്‍ധനയേക്കാള്‍ (21.94) കുറഞ്ഞ വര്‍ധനവാണ് (20.9) അസമിലുണ്ടായത്.

രാജ്യാതിര്‍ത്തികളും നിയമങ്ങളുമൊക്കെ ഒരു പ്രദേശത്തെ ജനതയുടെ കെട്ടുറപ്പിന് ആവശ്യമാണെന്നത് ശരിവെക്കുമ്പോള്‍ തന്നെ മ്യാന്മറിലെ രോഹിംഗ്യന്‍ ജനതയെപോലെയും ഹിറ്റ്‌ലറുടെ ജര്‍മനിയിലെ ജൂതരെപോലെയും ചൈനയിലെ ഉറുഗുകളെ പോലെയുമൊക്കെ രാഷ്ട്രജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് ആട്ടിയോടിക്കപ്പെടേണ്ടവരല്ല ഇന്ത്യയിലെ മുസ്്‌ലിംകള്‍. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരരായ ദേശസ്‌നേഹികള്‍ ഉള്‍പ്പെട്ട സമുദായമാണ് മുസ്്‌ലിംകള്‍. ലോകത്ത് ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്്‌ലിംകള്‍ അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. പൂര്‍വപിതാക്കളും രാഷ്ട്രനേതാക്കളും ഭരണഘടനാശില്‍പികളുമൊക്കെ പറഞ്ഞുറപ്പിച്ചുവെച്ച മതേതരത്വവും ജനാധിപത്യവും സര്‍വമത സാഹോദര്യവുമൊക്ക എന്നെന്നേക്കുമായി പൂട്ടിക്കെട്ടുകയാണോ മോദിയുടെയും അമിത്ഷായുടെയും ഇന്ത്യ എന്നതാണ് ഇന്നിന്റെ അമൂല്യമായ ചോദ്യം.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending