അയോധ്യ പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയില്‍ ഹൈന്ദവ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെ ചൊല്ലി പുതിയ വിവാദം.
അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ച ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ സമാന വിഷയച്ചില്‍ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന് എ.ഐ.എം.ഐ.എം നേതാവ് എം.പി അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. അയോധ്യ ക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് രവിശങ്കര്‍ മുമ്പ് പറഞ്ഞിരുന്നത്, ചൂണ്ടികാട്ടിയാണ് ഉവൈസിയുടെ വിമര്‍ശനം. അയോധ്യ പ്രശ്‌നത്തില്‍ ഒരു വിഭാഗത്തിനൊപ്പം നിലയുറപ്പിച്ച ഒരാള്‍ എങ്ങനെ നിഷ്പക്ഷനാകുമെന്നും ഒവൈസി ചോദിച്ചു.
Sri Sri had threatened that India would become like Syria if Ram Mandir isn’t built. He’s asked Muslims to give up their legal claim over title of #BabriMasjid. How would he be a neutral mediator? #AyodhyaMediation pic.twitter.com/vxDdyLEjWT
— Asaduddin Owaisi (@asadowaisi) March 8, 2019
പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി ഇന്ന് രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന് പുറമെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവാണ് സമിതിയിലുള്ളത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. എട്ടാഴ്ച്ചത്തെ സമയമാണ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ മധ്യസ്ഥ സമിതിക്ക് അനുവദിച്ചിട്ടുള്ളത്.
അതേസമയം മൂന്നംഗ സമിതിയില്‍ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെതിരെ മുസ്ലിം സംഘടനാ നേതാക്കള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ശ്രീ ശ്രീ രവിശങ്കറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിറിയ പരാമര്‍ശത്തിന്റെ പേരില്‍ തന്നെയാണ് വിവാദം കത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രവിശങ്കറിന്റെ സിറിയ പരാമര്‍ശം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ തന്നെ സംഘടനയായ ആര്‍ട്ട് ഓഫ് ലിവിംഗ് സംഭവം നിഷേധിച്ചു.