കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കാള്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദികെട്ടിപ്പിടിച്ചതു സൂചിപ്പിച്ചാണു രാഹുലിന്റെ തമാശ നിറഞ്ഞ പരാമര്‍ശം. രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ലെന്നു പറഞ്ഞ രാഹുല്‍ വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് ദ അണ്‍റ്റോള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു വേദി.
ചടങ്ങില്‍ സംബന്ധിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ ഇരുവര്‍ക്കും ഇന്ത്യയെന്ന ആശയത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വെറുക്കില്ല. ആലിംഗനം ചെയ്യും. എതിരാളികളോട് വെറുപ്പ് ആവശ്യമില്ല. വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നത്. താന്‍ കെട്ടിപിടിക്കുമോയെന്ന ആശങ്ക കൊണ്ട് ബി.ജെ.പി എം.പിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണ്. രാഷ്ടീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ല’-രാഹുല്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് നേതാക്കളായ ശശിതരൂര്‍, അഹമ്മദ് പട്ടേല്‍, ജ്യോതിരാധിത്യ സിന്ധ്യ, ദിഗ് വിജയ്‌സിങ്, സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.കഴിഞ്ഞയാഴ്ച ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ യുള്ള അവിശ്വാസപ്രമേയ പ്രസംഗത്തിനിടെ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് ഏറെ ചര്‍ച്ചായായിരുന്നു.