കുട്ടികളുടെ ക്യാപ്റ്റനായി മൈതാനത്ത് ജയസൂര്യ

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്

ക്യാപ്റ്റന്‍ സിനിമയിലൂടെ വെള്ളിത്തിരയില്‍ വി.പി സത്യനെ മികവുറ്റതാക്കിയ നടന്‍ ജയസൂര്യ കുട്ടികളുടെ ക്യാപ്റ്റനായി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. മഞ്ഞജഴ്‌സിയണിഞ്ഞ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കൗമാര ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പമെത്തിയ താരം, വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും സമയംകണ്ടെത്തി. ജയസൂര്യക്കൊപ്പം സിനിമയിലെ അണിയറ പ്രവര്‍ത്തകരും പങ്കുചേര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍സിനിമയുടെ വിജയാഘോഷ സംഗമവേദിയായി സ്റ്റേഡിയംമാറി. വി.പി സത്യനുള്ള അംഗീകാരണമാണ് സിനിമയെന്ന് ജയസൂര്യ അഭിപ്രായപ്പെട്ടു. ഈ പ്രോജക്ടുമായി സംവിധായകന്‍ സമീപിച്ചപ്പോള്‍ വി.പി സത്യനെയോ ഫുട്‌ബോളിനേയോ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലായിരുന്നു.

ഫുട്‌ബോള്‍ അറിയാതെ വി.പി സത്യനെ സ്‌ക്രീനില്‍ എങ്ങനെ ഇത്രമികവുറ്റതാക്കിയെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മുന്നില്‍ നായകന്‍ മനസ് തുറന്നു. അഞ്ച്മാസമാണ് ഇതിനായി മാറ്റിവെച്ചത്. . അതിരാവിലെ ഫുട്‌ബോള്‍ പരിശീലനം നടത്തി. ആദ്യമെല്ലാം പരാജയപ്പെട്ടു. ഇത് ഇത്രബുദ്ധിമുട്ടുള്ള കളിയാണെന്ന് സ്വയംതിരിച്ചറിഞ്ഞു. വിട്ടുകൊടുക്കാതെ വീണ്ടും പരിശീലിച്ച് മുന്നേറി. ആത്മവിശ്വാസത്തോടെ ജയസൂര്യ പറഞ്ഞു. സദസില്‍നിന്ന് ക്യാപ്റ്റന്‍ വിളിയുമായി കുട്ടിഫുട്‌ബോളര്‍ എഴുന്നേറ്റു. എല്ലാവരും ഒരുനിമിഷം നിശബ്ദരായി. സിനിമയില്‍ സത്യനായി ജയേട്ടന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്ന കുഞ്ഞുഅഭിപ്രായത്തെ ഹര്‍ഷാരവത്തോടെയാണ് സദസ് എതിരേറ്റത്.

ക്യാപ്റ്റന്‍ സിനിമയില്‍ അനിതാസത്യനായി വേഷമിട്ട നടി അനു സിതാരയോടും ചോദ്യമുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന കഥാപാത്രമായ അനിതചേച്ചിയെ അഭ്രപാളിയില്‍ അവതരിപ്പിക്കുമ്പോള്‍ എന്തൊക്കെ തയാറാടെപ്പാണ് നടത്തിയതെന്ന ചോദ്യത്തിന് ചെറുപുഞ്ചിരിയോടെ അവര്‍ മറുപടി നല്‍കി. ജീവിച്ചിരിക്കുന്ന കഥാപാത്രമായതിനാല്‍ വലിയവെല്ലുവിളിയായിരുന്നു.. അനിതചേച്ചിയുടെ വീട്ടില്‍പോയി അവരോട് ദീര്‍ഘനേരം സംസാരിച്ചു. പഴയകാല ഫോട്ടോയെല്ലാം കാണാനിടയായി. വേഷവിധാനവും സംസാരരീതിയുമെല്ലാം മനസിലാക്കി. ഒരിക്കല്‍ അവര്‍തന്നെ പറഞ്ഞു, എന്റെ കുട്ടികാലത്തേതിനു സമാനമാണ് എന്റെ രൂപമെന്ന്. ഈ പരാമര്‍ശം വലിയ അംഗീകാരമായി കണ്ട് ആത്മവിശ്വാസത്തോടെയാണ് ക്യാമറക്ക് മുന്നിലെത്തിയത്. സത്യന്റെ ആത്മാവ് ജയസൂര്യയ്‌ക്കൊപ്പമുണ്ടെന്നതുപോലെ അനിതസത്യന്‍ എന്നിലും നിലയുറപ്പിച്ചിരുന്നു-അനുസിതാര പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി ദാസന്‍, സംവിധായകന്‍ പ്രജേഷ് സെന്‍, ഷറഫലിയായി സിനിമയില്‍ വേഷമിട്ട നടന്‍ ദീപക്, കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍വരദൂര്‍, ആന്റോ ജോസഫ് സംസാരിച്ചു.
നഗരത്തിലെ വിവിധ സ്‌കൂളുകളിലെ 50ഓളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ക്യാപ്റ്റന്റെ കൈയൊപ്പ് ചാര്‍ത്തിയ ഫുട്‌ബോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് ജയസൂര്യയും സംഘവും സ്റ്റേഡിയം വിട്ടത്.

SHARE