സോഷ്യല്‍ മീഡിയ സിഗരറ്റ് പോലെ: ചേതന്‍ ഭഗത്

 

ഷാര്‍ജ: സോഷ്യല്‍ മീഡിയയുടെ ഉപയോഗം സിഗരറ്റ് പോലെയെന്ന് വിഖ്യാത എഴുത്തുകാരന്‍ ചേതന്‍ ഭഗത്. മിഡില്‍ ഈസ്റ്റ് ചന്ദ്രികയും മൈക്രോ ടെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ദി കരിയര്‍ ജേര്‍ണി വിദ്യാഭ്യാസ എക്‌സ്‌പോയില്‍ ‘ഹൗ ടു ബി സൂപ്പര്‍ അച്ചീവര്‍’ എന്ന വിഷയത്തിലൂന്നി സംവദിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ഉജ്ജ്വല നേട്ടങ്ങളിലേക്ക് ചെന്നെത്താനുള്ള ചുവടുകള്‍ വിശദീകരിക്കവേ, സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലെ ദൂഷ്യത്തെക്കുറിച്ച് ചേതന്‍ ഭഗത് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ സിഗരറ്റ് പോലെയാണ്. ചെലവ് കുറവാണ്, എപ്പോഴും കീശയില്‍ തന്നെ കാണും. സിഗരറ്റ് പോലെ അപകടമാണ് അതിന്റെ ഉപയോഗമെന്നും ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ് പറഞ്ഞു.
ദി കരിയര്‍ ജേര്‍ണി എക്‌സ്‌പോയുടെ രണ്ടാം ദിവസം ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ അ്ല്‍ മജറ ഹാളില്‍ വൈകീട്ട് നാലരയോടെയാണ് ചേതന്‍ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തത്. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ കുറിച്ചാണ് വലിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങേണ്ടതെന്ന് സൂപ്പര്‍ അച്ചീവറാകാനുള്ള ചുവടുകള്‍ അക്കമിട്ട് പറഞ്ഞ് അദ്ദേഹം വിശദീകരിച്ചു. ശരീര വണ്ണം കുറയ്ക്കാനൊരുങ്ങി പ്രാതല്‍ നിയന്ത്രിച്ചവര്‍ക്ക് സായാഹ്നമാകുമ്പോഴേക്കും പാര്‍ട്ടികളിലോ മറ്റോ ആ തീരുമാനം അവസാനിപ്പിക്കേണ്ടി വരുന്ന സമകാലിക പരിസരത്തെ ഉപമിച്ച് തീരുമാനങ്ങള്‍ ഉറച്ചതായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എല്ലാ വലിയ ലക്ഷ്യങ്ങളും ദിനേനയെന്നോണം ചെയ്യുന്ന ചെറിയ ചുവടുകളിലൂടെയാണ് പ്രാപ്യമാകുന്നത്. ഒരു പുസതക രചന, മാരത്തണ്‍ മത്സരത്തിനുള്ള ട്രെയ്‌നിങ്, ഭാരം കുറയ്ക്കല്‍, എവറസ്റ്റ് കീഴടക്കല്‍, എന്‍ട്രന്‍സ് പരീക്ഷക്ക് തയാറെടുക്കല്‍ എന്നിങ്ങനെ എല്ലാ ലക്ഷ്യങ്ങള്‍ക്കും ദിനേനയെന്നോണമുള്ള ചിട്ട ശീലമാക്കണം. ഒരു ആനയെ തിന്നാന്‍ അതിനെ കഷ്ണങ്ങളാക്കേണ്ടി വരുമെന്ന പോലെ.
വലിയ ലക്ഷ്യങ്ങള്‍ കുറിക്കണമെന്നും അതിനു പിന്നില്‍ സ്വന്തമായി ഒരു കാരണം ഉണ്ടായിരിക്കണമെന്നും വിശദമായ ആക്്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും അതെല്ലാം നടക്കുമെന്ന വിശ്വാസം പുലര്‍ത്തണമെന്നും ചേതന്‍ ഭഗത് വിജയത്തിലേക്കുള്ള വഴി വിശദീകരിച്ചു കൊണ്ടു പറഞ്ഞു. സ്വയം വളരുന്നതിലായിരിക്കണം ശ്രദ്ധയെന്നും മറ്റുള്ളവരെ പഴി പറയാന്‍ നമുക്ക് സയമില്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉണര്‍ത്തി.
കഠിനാധ്വാനം വിജയത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അത് വേദനയിലും കഷ്ടപ്പാടിലും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. വേദനയെ ഒഴിച്ചുനിര്‍ത്തി മറ്റെന്തു പരിശ്രമങ്ങള്‍ക്കും തയാറാകാമെന്ന് കരുതരുത്. വേദനയെ സ്വീകരിക്കാതെ വിജയത്തിലേക്ക് വഴിവെട്ടാനാകില്ല. ജീവിതത്തില്‍ എപ്പോഴും പ്രചോദനം കണ്ടെത്താന്‍ ശ്രമിക്കണം. പ്രചോദനം കണ്ടെത്തല്‍ അംഗശുദ്ധിവരുത്തും പോലെയാണ്. പതിവായി കുളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഒരു വഴി തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ കാരണം അച്ഛനോ അമ്മയോ ആകാതിരിക്കുക, പകരം ഹൃദയത്തെ പിന്തുടരുക. പ്രവാസികളുടെ കുട്ടികള്‍ക്ക് ശ്രദ്ധ കിട്ടുന്നതു കുറവാണെന്നും കുട്ടികളില്‍ ആത്മവിശ്വാസമുണര്‍ത്താന്‍ ജാഗ്രതയോടെയിരിക്കണമെന്നും ചേതന്‍ ഭഗത് രക്ഷിതാക്കളെ ഓര്‍മപ്പെടുത്തി.

SHARE