കെണിയൊരുക്കി സൈബര്‍ സംഘം; ലക്ഷങ്ങളുടെ തട്ടിപ്പ്

കണ്ണൂര്‍: സൈബര്‍ മേഖലയിലെ നൂതന സംവിധാനങ്ങളുടെ മറവില്‍ പണം തട്ടുന്ന സംഘം വീണ്ടും പിടിമുറുക്കുന്നു. പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. ബഹുരാഷ്ട്ര കമ്പനികളിലുള്‍പ്പെടെ തൊഴില്‍ വാഗ്ദാനം ചെയ്തും ഉപരി പഠന അവസരങ്ങളെ പരിചയപ്പെടുത്തിയുമാണ് സാമൂഹ്യ മാധ്യമങ്ങള്‍ തട്ടിപ്പ് നടത്തുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദേശ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്തും ഉന്നത സര്‍വകലാശാലകളില്‍ പഠനത്തിന് അവസരമുണ്ടെന്ന് മോഹിപ്പിച്ചാണ് തട്ടിപ്പ്. ഉത്തരേന്ത്യന്‍ ലോബിയാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പണമുണ്ടാക്കുവാനുള്ള അതിഭ്രമവും അറിവില്ലായ്മയും മുതലെടുത്ത് പ്രധാനമായും കേരളീയരെ ലക്ഷ്യമാക്കിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതര സംസ്ഥാന ലോബിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ യുവജനങ്ങള്‍ക്കിടയിലെ പ്രചാരവും നിയമത്തിന്റെ വഴിയില്‍ പെട്ടെന്ന് പെടില്ലെന്ന അനുകൂല സാഹചര്യങ്ങളും മറയാക്കിയാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. യൂറോപ്പിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പിന് ശ്രമിച്ച ഹരിയാന സ്വദേശി കുല്‍ദീപ് ശര്‍മ്മയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. ദുബൈ കേന്ദ്രമായി ജീസിസി വോള്‍ക്കിന്‍സ് എന്ന ജോബ് പോര്‍ട്ടല്‍ വഴി പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ഫെയ്‌സ് ബുക്കില്‍ പരസ്യം പോസ്റ്റ് ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കിയത്. കേരളമുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ ജോബ് പോര്‍ട്ടലില്‍ ബന്ധപ്പെട്ടിരുന്നു. ഈയിടെ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശി രവിസിംഗ് ടോമറും ഫെയ്‌സ്ബുക്ക് മുഖേനയാണ് പരസ്യം നല്‍കിയത്. സിംഗപ്പൂരില്‍ ജോലിയും ഉപരിപഠനത്തിന് വിവിധ കോഴ്‌സുകളില്‍ പ്രവേശനം നല്‍കാമെന്നും പ്രലോഭിപ്പിച്ച് ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ചൂഷണങ്ങള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. ചില കേസുകളില്‍ പൊലീസ് നടപടിയെടുക്കുമ്പോഴേക്കും വ്യാജ പ്രൊഫൈലുകള്‍ അപ്രത്യക്ഷമാകുകയാണ് പതിവ്. പോസ്റ്റുകള്‍ പലതും വ്യാജ പ്രൊഫൈലുകള്‍ വഴിയാകുന്നതും അന്വേഷണത്തിന് തടസമായി മാറുകയാണ്. വ്യാജ പോസ്റ്റുകള്‍ കണ്ടെത്തിയാലും ഉറവിടം കണ്ടെത്താനാകാത്തതും തുടര്‍ അന്വേഷണത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്്. ചൂഷണത്തിന് വഴിയൊരുക്കുന്ന ലിങ്കുകള്‍ കണ്ടെത്തിയാലും തട്ടിപ്പ് സംഘങ്ങള്‍ മറ്റ് പേരുകളില്‍ ചൂഷണം തുടരുന്നുവെന്നത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്.

SHARE