പൊലീസുകാരനെ കാറിടിച്ചുവെന്ന വാര്‍ത്ത: വിശദീകരണവുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വാഹനം തട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കു വിശദീകരണവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്.

തനിക്കു നേരെ കരിങ്കൊടി കാണിക്കാനെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സമരം നിയന്ത്രിക്കാനെത്തിയ പൊലീസുകാരനെ തന്റെ കാറിന്റെ മുന്നിലേക്ക് പിടിച്ചു തള്ളുകയായിരുന്നുവെന്ന് വി.ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് എംഎല്‍എയുടെ വിശദീകരണം.

വി.ടി ബല്‍റാമിന്റെ വാഹനത്തിനു നേരെ സിപിഎം ആക്രമണം നടത്തിയതായി രാവിലെ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ സിപിഎം പ്രതിഷേധ പ്രകടനത്തിലേക്ക് അമിതവേഗതയില്‍ ഓടിച്ചു വന്ന വി.ടി ബല്‍റാം എംഎല്‍എയുടെ കാര്‍ പൊലീസുകാരന്റെ ദേഹത്തു തട്ടിയെന്നും പറഞ്ഞ് തൃത്താലയിലെ ചില സിപിഎം അനുഭാവികള്‍ രംഗത്തെത്തിയതോടെയാണ് എംഎല്‍എ തന്നെ സംഭവം വിശദീകരിച്ചത്.

‘റോഡിന്റെ ഇടതു ലൈന്‍ പൂര്‍ണമായും സമരക്കാര്‍ കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കി. എന്നിട്ടും തള്ളിക്കയറിയ സമരാനുകൂലികള്‍ പൊലീസുകാരെ എന്റെ വാഹനത്തിനു മുന്നിലേക്ക് പിടിച്ചു തള്ളുകയായിരുന്നു.

പൈലറ്റ് ചെയ്ത പൊലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബ്രേക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്.

കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റെയും പൊലീസുകാരെ പിടിച്ചു തള്ളിയതിന്റെയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയ കാരണങ്ങളാല്‍ കഴിഞ്ഞ മൂന്ന് മാസമായി സി.പി.എമ്മുകാര്‍ തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിക്കുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.

ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സി.പി.എമ്മിന്റെ ഭീഷണിക്കാവില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ന് കൂടല്ലൂരില്‍ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാര്‍ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്.

രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകര്‍ത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡില്‍ നിന്നുള്ള പ്രതിഷേധമാണ് പതിവ്.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്‌ക്കൂള്‍ വാര്‍ഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികള്‍ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്.

അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകള്‍ ഇന്ന് കൂടല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്.

റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍.

പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്.

കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി.

പ്രതിഷേധത്തിന്റെ പേരില്‍ എത്ര കാലം ഈ സമരാഭാസങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാര്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല.

ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു.

ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകള്‍ക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല.

‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും.

SHARE