ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോര്‍ഡ്. ഫൈനലില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത അനസിന് മെഡല്‍ നേടാനായില്ല. മില്‍ഖാ സിങിന് ശേഷം അരനൂറ്റാണ്ട് കഴിഞ്ഞാണ് 400 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിക്കുന്നത്. ആറാം ലൈനില്‍ ഓട്ടം തുടങ്ങിയ അനസ് അവസാന 50 മീറ്ററിലെ കുതിപ്പിലാണ് നാലാമതായത്.

45.31 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. 44.35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോട്‌സ്വാനയുടെ ഐസക് മാക്വാലക്കാണ് സ്വര്‍ണം. 45.09 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോട്‌സ്വാനയുടെ തന്നെ ബബൊലോക്കി തെബെയ്ക്കാണ് വെള്ളി. ജമൈക്കയുടെ ജവോന്‍ ഫ്രാന്‍സിസാണ് വെങ്കലം സ്വന്തമാക്കിയത്.