വാഷിങ്ടണ്‍: ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും മുന്‍ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍(95) അന്തരിച്ചു. കൊളംബസിലെ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1962ല്‍ ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലായിരുന്നു ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യ അമേരിക്കന്‍ എന്ന ബഹുമതി ജോണ്‍ ഗ്ലെന്‍ നേടിയെടുത്തത്. 1998 ഒക്ടോബര്‍ 29ന് ജോണ്‍ ഗ്ലെന്‍ ബഹിരാകാശത്തേക്ക് പറന്നപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പിറന്നു. ബഹിരാകാശത്ത് പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗ്ലെന്‍.

അന്ന് 77 വയസായിരുന്നു ഗ്ലെന്നിന്റെ പ്രായം. 1921ല്‍ ഒഹിയോയിലെ കേംബ്രിഡ്ജിലായിരുന്നു ഗ്ലെന്നിന്റെ ജനനം. യുദ്ധവിമാന പൈലറ്റായിരുന്ന രണ്ടാം ലോക മഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്ത ശേഷമാണ് നാസയില്‍ ചേരുന്നത്. 1974ല്‍ ഡെമോക്രാറ്റിക് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലെന്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ചു. 2011ല്‍ യുഎസിലെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച അദ്ദേഹത്തിനു തൊട്ടടുത്ത വര്‍ഷം പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡവും ലഭിച്ചു.