കോട്ടയം കിടങ്ങൂര്‍ മുണ്ടക്കല്‍ മാധവന്‍ ‘ശാന്തി’ യായാണ് ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെത്തുന്നത്, അമ്പലത്തില്‍ പ്രതിഷ്ഠ നടത്താന്‍. എന്നാല്‍ പത്തില്‍ മൂത്ത മകന്‍ മണിയെ ഇടുക്കിയിലെ രാഷ്ട്രീയത്തിലെ ഹൈറേഞ്ചില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നാടിന്റെ ശാന്തി നഷ്ടപ്പെട്ടെന്നാവും വിമര്‍ശക പക്ഷം. കേരളത്തിനാകെ വെളിച്ചം നല്‍കുന്ന ഇടുക്കി പദ്ധതിയുടെ ജില്ലയില്‍ നിന്ന് വൈദ്യുതി മന്ത്രിയാകുന്ന ആദ്യത്തെയാളായത് കാലത്തിന്റെ ഒരു കളി തന്നെ. സി.പി.എം. ചരിത്രത്തില്‍ 27 വര്‍ഷം തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയായത് മണി മാത്രം- 1985 മുതല്‍ ഒമ്പതു തവണ. എന്നാല്‍ അദ്ദേഹം ശ്രദ്ധേയനായത് വണ്‍ ടു ത്രീ പ്രസംഗത്തിലായിരുന്നു. കേരളത്തോളവും അതിനപ്പുറവും കേളി കേള്‍ക്കാനിടയായ പ്രസംഗത്തിന്റെ പേരില്‍ ചെറിയ കാലം ജയിലിലും കിടന്നു. ആദ്യമായി നിയമസഭ കാണുന്ന മണി മന്ത്രിയാകുമ്പോള്‍ ആ പണിക്ക് യോഗ്യരെന്ന് ആരും കരുതുന്ന നിയമസഭയില്‍ പരിചിതരായ പലര്‍ സി.പി.എമ്മില്‍ ഉണ്ട്. ഈ തെരഞ്ഞെടുപ്പ് പിണറായി വിജയന്റെ അപ്രമാദിത്വം വെളിവാക്കുക കൂടിയാണ്. മണി വൈദ്യുതി മന്ത്രിയായത് ഇ.പി.ജയരാജന് ഷോക്കായി. സുരേഷ് കുറുപ്പ് മുതല്‍ പേര്‍ വേറെയും ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല.

ലക്കില്ലാതെ വാ തുറന്നതിന്റെ കൂടി ഫലമായാണ് ഇ.പി.ജയരാജന്റെ പിന്‍നടത്തം. മണി പ്രസംഗ പീഠത്തിലേക്ക് കയറുമ്പോഴും മാധ്യമങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നു. സംസ്ഥാനം വലിയ ഊര്‍ജപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കരുതുന്ന ഘട്ടത്തിലാണ് ലോക പരിചയം (എല്‍.പി.) കൈമുതലായ ഒരാള്‍ വൈദ്യുതി മന്ത്രിയാകുന്നത്. കിടങ്ങൂര്‍ എന്‍.എസ്.എസ്. സ്‌കൂളില്‍ നിന്ന് അഞ്ചാം തരത്തില്‍ പഠിപ്പ് നിര്‍ത്തി ചില്ലറ ജോലിയുമായി നടക്കുമ്പോഴായിരുന്നുവല്ലോ കുടുംബത്തിന്റെ ഇടുക്കിയിലേക്കുള്ള പറിച്ചു നടല്‍. പിന്നെ സ്‌കൂളിലൊന്നും പോവാന്‍ പറ്റിയില്ല. ഏലമലക്കാടുകളിലും എസ്റ്റേറ്റുകളിലും ചുമടെടുപ്പുകാരനും കൃഷിപ്പണിക്കാരനുമായി ജീവിച്ച് കുടുംബത്തെ സഹായിച്ച മണി പക്ഷെ വളരെ വേഗം പാവപ്പെട്ട തൊഴിലാളികളുടെ അനിഷേധ്യ നേതാവായി.

മോഹന്‍ലാല്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് മുണ്ടക്കല്‍ ശേഖരന്‍ എന്ന് പേരിട്ടത് മുണ്ടക്കല്‍ മാധവന്‍ മണിയെ പറ്റി കേട്ടിട്ടല്ല. മുണ്ടക്കല്‍ മണിക്ക് വില്ലന്‍ പരിവേഷമുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എം. ഏറെ പ്രതിരോധത്തിലായ ഘട്ടത്തിലാണ് തൊടുപുഴക്കടുത്ത രാജാക്കാട്ട് മണിയാശാന്റെ പ്രസിദ്ധ പ്രസംഗം. പാര്‍ട്ടിശത്രുക്കളെ ഞങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട പ്രസംഗം ഏതോ ചാനല്‍ ക്യാമറയിലൂടെ വൈറലായി. ”ഞങ്ങള്‍ 13 പേരുടെ പട്ടിക തയ്യാറാക്കി. ഒരാളെ വെടി വെച്ചുകൊന്നു, ഒരാളെ കുത്തിക്കൊന്നു, ഒരാളെ തല്ലിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ ഖദറിട്ട് നടക്കാന്‍ ഞങ്ങളുടെ അനുവാദം ചോദിക്കുമായിരുന്നു”വെന്ന രീതിയിലായിരുന്നു പ്രസംഗം. അതിന്റെ പേരില്‍ കേസും വക്കാണവുമായി.27 വര്‍ഷം ഇരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോകേണ്ടിവന്നു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും ജയില്‍വാസത്തിനും ഇടയാക്കി. ഈ പ്രസംഗത്തില്‍ നിന്ന് മണിയാശാന്‍ പിറകോട്ട് പോയില്ലെങ്കിലും ‘മര്‍ക്കട മുഷ്ടി'(വെള്ളാപ്പള്ളിയുടെ കരിങ്കുരങ്ങല്ല) കൈ വെടിഞ്ഞ ചില സന്ദര്‍ഭമുണ്ടായതില്‍ ഒന്നാണ് പൈനാവ് പോളി ടെക്‌നിക്ക് പ്രിന്‍സിപ്പല്‍ക്കെതിരായ പരാമര്‍ശം. എസ്.എഫ്.ഐ.ക്കാരുമായുണ്ടായ കശപിശയെ പറ്റി പ്രസംഗിച്ചപ്പോഴാണ് വനിതാ പ്രിന്‍സിപ്പല്‍ക്ക് അടച്ചിട്ട മുറിയില്‍ എന്താ പണിയെന്നു ചോദിച്ചത്. അവര്‍ക്ക് മറ്റുചില അസുഖങ്ങളുള്ളത് അറിയാമെന്നു കൂടി ചേര്‍ത്തതോടെ സ്ത്രീവിരുദ്ധനെന്ന കേളിയുമായി. പെട്ടെന്ന് തന്നെ ഖേദം പ്രകടിപ്പിച്ച് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധിയും ഈ സ്വയം പ്രഖ്യാപിത ആശാന്‍ -കെ.എം.മാണി മാണിസാര്‍ ആയ പോലെ- പ്രകടമാക്കി.

ഉടുമ്പുംചോലയില്‍ 1958ലെ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണിക്ക് വയസ്സ് 14. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവം. റോസമ്മ പുന്നൂസാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി. വി.എസ്.അച്യുതാനന്ദന് തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയും. അഞ്ചു വീടുകളുള്ള ഒരു മേഖലയുടെ ചുമതല മണിക്കുമുണ്ടായി. റോസമ്മ ജയിച്ചു. അന്ന് തുടങ്ങിയതായിരുന്നു വി.എസുമായുള്ള ബന്ധമെങ്കില്‍ പിന്നീട് ഉലഞ്ഞു. അത് പലപ്പോഴും പരസ്യമാകുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന് വി.എസ്. അയച്ച കത്തിനെ കുറിച്ച് മാധ്യമ പ്രചാരണത്തെ പ്രതിരോധിക്കാത്ത വി.എസിന്റെ നടപടിയെ പാര്‍ട്ടിവിരുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ മണി മടിച്ചില്ല. മൂന്നാറിലേക്ക് മൂന്നു പൂച്ചകളേയും ജെ.സി.ബി.യെയും കൊണ്ട് ചുരം കയറി വി.എസ്. എത്തിയപ്പോഴും ഇടച്ചില്‍ പരസ്യമാകാതിരുന്നില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളിലൊന്ന് മണിയുടെ പ്രസംഗമാണെന്ന് പറയാന്‍ വി.എസും തയ്യാറായി.

1996ല്‍ മുവായിരം വോട്ടിന് ഉടുമ്പുംചോലയില്‍ ഇ.എം.അഗസ്തിയോട് തോറ്റെങ്കില്‍ ഇക്കുറി സേനാപതിവേണു (കോണ്‍.ഐ.)വിനെ 1109വോട്ടിന് തോല്‍പിച്ച് നിയമസഭയിലെത്തി. ഇരുപതാമത്തെ വയസ്സില്‍ ലക്ഷ്മിക്കുട്ടിയെ വേട്ടതാണ്. അഞ്ചു പെണ്‍മക്കള്‍. അഞ്ചു പേരും പാര്‍ട്ടിയാല്‍ സുരക്ഷിതര്‍. ഒരു മണിപ്രസംഗം പോലെ. ഒരാള്‍ പഞ്ചായത്ത് പ്രസിഡന്റ്. രണ്ടു പേര്‍ പഞ്ചായത്ത് അംഗങ്ങള്‍. രണ്ടു പേര്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍. .