ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അറിയാത്തവരില്ല. നമ്മുടെ ക്രിക്കറ്റ് സൂപ്പര്‍ താരം സാക്ഷാല്‍ യുവരാജ് സിംഗിനും നന്നായി അറിയാം നമ്മുടെ മോദിജിയെ. നോട്ട് അസാധുവാക്കിയ നടപടിയില്‍ പുലിവാല് പിടിച്ച് ഒന്നും മിണ്ടാതെ പാര്‍ലമെന്റിന് പോലും പിടികൊടുക്കാതെ മുങ്ങി നടക്കുന്ന പ്രധാനമന്ത്രിയെ തേടി കഴിഞ്ഞ ദിവസം യുവിയും മാതാവും പാര്‍ലമെന്റിലെത്തി. യുവിയുടെ വിവാഹമാണ് ഈ മാസം 30ന്. അതായത് വരുന്ന ബുധനാഴ്ച്ച.

ചണ്ഡിഗറിലെ ഗുരുദ്വാരയില്‍ വെച്ച് സിക് മതാചാര പ്രകാരമാണ് യുവി ബ്രിട്ടിഷ് ഇന്ത്യന്‍ വംശജയായ ഹേസല്‍ എന്ന മോഡലിനെ വിവാഹം കഴിക്കുന്നത്. ഡിസംബര്‍ രണ്ടിന് ഗോവയില്‍ ഹിന്ദു ആചാര പ്രകാരവും വിവാഹമുണ്ട്. വിരുന്ന് എല്ലാവര്‍ക്കുമായി ഡല്‍ഹിയില്‍ ഏഴിനാണ്. വിവാഹം ക്ഷണിക്കാനാണ് യുവിയും അമ്മയും മോദിയെ തേടിയെത്തിയത്.

പക്ഷേ ക്ഷണക്കത്തില്‍ പ്രധാനമന്ത്രിയുടെ പേര് തെറ്റായാണ് പ്രസിദ്ധീകരിച്ചത്. നരേന്ദര്‍ മോദി എന്നായിരുന്നു കത്തില്‍ എഴുതിയിരുന്നത്.-ഹോണറബിള്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ ശ്രി നരേന്ദര്‍ മോദിജി എന്നാണ് എഴുതിയത്. പക്ഷേ പ്രധാനമന്ത്രി പ്രശ്‌നമൊന്നുമുണ്ടാക്കിയില്ല. അദ്ദേഹത്തിന്റെ ഓഫീസ് കത്ത് സ്വീകരിച്ചു-മോദിജി കല്ല്യാണത്തിന് വരുമോ എന്ന് പക്ഷേ വ്യക്തമല്ല.