മൊഹാലി:സാക്ഷാല്‍ സുനില്‍ ഗവാസ്‌ക്കറില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്പ് സ്വീകരിക്കുമ്പോള്‍ കരുണ്‍ നായര്‍ക്കായി കൈയ്യടിക്കാന്‍ അരികില്‍ പരിശീലകന്‍ അനില്‍ കുംബ്ലെ… വീണ്ടും ഒരു പാതി മലയാളി ഇന്ത്യക്കായി കളിക്കുന്നു. അനില്‍ കുംബ്ലെ പാതി മലയാളിയായിരുന്നു-അത് പോലെ കരുണും പാതി മലയാളി. കൊച്ചിയില്‍ വേരുള്ള കരുണ്‍ കര്‍ണാടകയുടെ വിലാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അറിയപ്പെടുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്കായി കളിക്കുന്നു. കഴിഞ്ഞ കുറച്ച് സീസണുകളിലായി അപാര ഫോമിലാണ് ഈ ബാറ്റ്‌സ്മാന്‍. 37 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 2845 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പ്രിയപ്പെട്ട ശിഷ്യനായി റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കരുണിന് ഇന്ത്യന്‍ ബെര്‍ത്ത് ഉറപ്പായിരുന്നു.

പക്ഷേ അല്‍പ്പം കാത്തിരിക്കേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം ലഭിച്ചെങ്കിലും രാജ്‌ക്കോട്ടിലും വിശാഖപ്പട്ടണത്തിലും അവസരം ലഭിച്ചില്ല. ഇന്നലെ മൊഹാലിയിലും അദ്ദേഹത്തിന് അവസരം ഉറപ്പായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയോ അതോ കരുണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി രാവിലെയാണ് കുംബ്ലെ തീരുമാനം പ്രഖ്യാപിച്ചത്. 2013-14 സീസണിലാണ് കരുണ്‍ കര്‍ണാടകയുടെ രഞ്ജി താരമാവുന്നത്. തുടക്ക സീസണില്‍ തന്നെ അപാരമായ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചപ്പോള്‍ പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം കര്‍ണാടക രഞ്ജി ചാമ്പ്യന്മാരായി. സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലും കരുണ്‍ സെഞ്ച്വറി സ്വന്തമാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍ ) ആരംഭിച്ചപ്പോള്‍ അദ്ദേഹം വിലപ്പെട്ട താരമായി മാറി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായിരുന്നു തുടക്കത്തില്‍. പിന്നെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചു. 2015 ല്‍ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചു. ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ പരുക്കേറ്റ മുരളി വിജയിന് പകരം. പക്ഷേ അവസരം ലഭിച്ചില്ല.
ഇപ്പോള്‍-മൊഹാലിയിലെ പി.സിഎ സ്റ്റേഡിയത്തില്‍ വിരാത് കോലിയുടെ നായകത്വത്തില്‍ ഇംഗ്ലണ്ടിനെതിരെ കരുണ്‍ ഇന്ത്യന്‍ കുപ്പായമണിയുമ്പോള്‍ ടിനു യോഹന്നാനും എസ്.ശ്രീശാന്തിനും ശേഷം ഒരു മലയാളി-അതായത് രാജ്യത്തിന്റെ ടെസ്റ്റ് ക്യാപ്പ് അണിയുന്ന 287-ാമത് കളിക്കാരനായി അദ്ദേഹം മാറിയിരിക്കുന്നു