ശാരി പിവി

ഭരണ പരിഷ്‌കാര കമ്മീഷന്റെ ഓഫീസ് ഏവിടേയാകണമെന്നതിനെ ചൊല്ലിയുള്ള പുകില് ഇതുവരെ അവസാനിച്ചിട്ടില്ലെങ്കിലും ഭരണ ഭാഷ മലയാളമാകണമെന്ന കാര്യത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ കാസ്‌ട്രോ മുതല്‍ സര്‍വ മലയാളിക്കും ഒരേ മനസ്സാണ്. പക്ഷേ നുമ്മ പൊലീസ് ഏമാന്‍മാര്‍ ഇപ്പോ വിഷമ വൃത്തത്തിലാണ്. പ്രത്യേകിച്ചും ക്രൈംബ്രാഞ്ചുകാര്‍. തൊണ്ടിയും തെണ്ടിയും അ മുതല്‍ ക്ഷ വരെയുള്ള സര്‍വ ഡിക്ഷണറികളിലേയും തെറിയുമുള്‍പ്പെടെ ഏഴുതിച്ചേര്‍ക്കേണ്ട കേസ് ഡയറി മലയാളത്തില്‍ വേണ്ടെന്നാണത്രേ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്‌ള പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ജി.പി ഉത്തരവിട്ടിട്ടുള്ളതെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

 

മറു നാട്ടുകാരെ പിടിച്ച് ഇന്തമാതിരി പോസ്റ്റിലിട്ടാല്‍ ഇതല്ല ഇതിലുമപ്പുറം നടന്നാലും തെറ്റ് പറയാനൊക്കില്ല. സംഗതി ഇവ്വിതം ഇണ്ടാസായി പുറത്തിറങ്ങിയതോടെ ശരിക്കും ‘ക്ഷ’ വരച്ചിരിക്കയാണിപ്പോള്‍ ക്രൈംബ്രാഞ്ച് പൊലീസിലെ ഉദ്യോഗസ്ഥരെന്നാണ് കേള്‍വി. മമമമമമ…… വിളിച്ചിരുന്ന മലയാളത്തിനു പകരം ആംഗലേയ ഭാഷയില്‍ കേസ് ഡയറി തയാറാക്കാനാണ് ഉത്തരവ്. ചക്ക കുഴയും പോലെ കുഴഞ്ഞ പൊലീസുകാര്‍ ഇപ്പോ ട്യൂഷനു പോയി ആംഗലേയ ഭാഷയ്ക്കു വഴങ്ങുകയാണെന്നു കേള്‍ക്കുന്നു. ആയ കാലത്ത് ഇംഗ്ലീഷ് പഠിക്കാത്തവനൊക്കെ ഇപ്പോ കോപ്പി എഴുത്ത് വരെ നടത്തുന്നുണ്ടെന്നാണ് കിംവദന്തി. അല്ലേലും കേരളത്തിലിപ്പോ മലയാളിയെ തപ്പി നടക്കേണ്ട ഗതിയാണല്ലോ.

 

ഏതു കാര്യത്തിലും മറുനാട്ടുകാരാണല്ലോ ഇവിടം മുഴുവന്‍. സഊദിയിലെ നിതാഖാത്തിനു തുല്യമായി പല മേഖലകളിലും മലയാളി വല്‍ക്കരണം നിര്‍ബന്ധമായി തുടങ്ങിയിരിക്കുകയാണ്. ഇവിടിപ്പം നോക്കു കൂലി വാങ്ങാന്‍ മാത്രമാണ് മലയാളിയെ കാര്യമായും കിട്ടുന്നത്. അതാവട്ടെ കേന്ദ്രത്തിലെ തേയില അണ്ണന്‍ പൂട്ടിക്കുകയും ചെയ്തു. പൊതിത്തേങ്ങ കണക്കെ എ.ടി.എമ്മില്‍ നിന്നും കിട്ടുന്ന 2000 രൂപയുടെ നോട്ട് നോക്കു കൂലിയായി കൊടുത്താല്‍ പോലും ഒരുത്തനും വേണ്ട. കാര്യങ്ങള്‍ ഇവ്വിതം മറുനാടന്‍മാര്‍ കൈയ്യടക്കിയെന്നതിനാലാണോ ആവോ, അതോ ചാനലുകളില്‍ ചില പെങ്കൊച്ചുങ്ങള്‍ മലയാളം ‘അരി(റ)യുന്നതിനാലാണോ’ ആവോ സംഗതി മലയാളത്തെ കൈവിട്ട് ആംഗലേയത്തെ പുല്‍കാനാണ് തീരുമാനമത്രേ!.

 

ഏറ്റുമുട്ടലും വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ വാര്‍ത്തകള്‍ അടിക്കടി ഇവിടേയും വരാന്‍ തുടങ്ങിയതിനാല്‍ ഏമാന്‍മാരുടെ ഭാഷയ്ക്ക് ഈയിടെ എരിവും പുളിയുമൊക്കെ വരാന്‍ തുടങ്ങിയതായി ആരോപണവുമുണ്ടായിരുന്നു. ഇനി ഇതൊക്കെ ആംഗലേയ വല്‍ക്കരിച്ച് പ്രതികളോട് ചോദിക്കുമോ ആവോ. സംഗതി സംസ്ഥാന പൊലീസ് മേധാവി അറിഞ്ഞില്ലെന്നും കേള്‍ക്കുന്നു. ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തില്‍ വകുപ്പു മേധാവികള്‍ വീഴ്ച വരുത്തരുതെന്ന് നേരത്തെ തന്നെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. കാസ്‌ട്രോ പരിഷ്‌കരിക്കാന്‍ തുടങ്ങും മുമ്പേ എല്ലാ സായിപ്പ് മയമാക്കാനാണ് പരിപാടി.

 

ഇനിയിപ്പോ വെങ്കയ്യ നായിഡുവിന്റെ കോട്ടക്കല്‍ പ്രസംഗം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത പോലാകാതിരുന്നാല്‍ മതിയായിരുന്നു. ക്രൈംബ്രാഞ്ചിനു മുന്നില്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇനി ഇതെല്ലാം ട്യൂഷനു പോയി ഇംഗ്ലീഷ് പഠിക്കുന്ന ഏമാന്‍മാര്‍ ചേര്‍ന്ന് ഇംഗ്ലീഷിലേക്കു കേസ് ഡയറി മാറ്റുമ്പോഴേക്കും കേസിലെ വാദിയും പ്രതിയും അയാളുടെ അടുത്ത തലമുറയും എ.ടി.എമ്മിനു മുന്നില്‍ ക്യൂനിന്ന് പരലോകത്തെത്തിയിട്ടുണ്ടാവും. എന്തായാലും പരിഷ്‌കാരം വരുന്ന ഓരോ വഴികളേയ്.
…………………………………………………
തള്ളല്‍ വിദ്വാന്‍മാര്‍ പിടിക്കും പിടിക്കും കള്ളപ്പണക്കാരെ പിടിക്കുമെന്ന് വീമ്പിളക്കുകയും ഇവിടെ ചാണക സംഘികള്‍ ദേ പോണു കള്ളപ്പണം, അതും ഇതും കള്ളപ്പണം എന്നൊക്കെ ഗീര്‍വാണം തള്ളുമ്പോഴും പിടിയില്‍ വീഴുന്നതത്രയും താമരക്കു വളക്കൂറുള്ള മണ്ണില്‍ നിന്നുമാണ്. കള്ളപ്പണം അവിടെ നില്‍ക്കട്ടെ, കള്ളനോട്ടിന്റെ കാര്യത്തിലും ഗതി ഇതു തന്നെ. സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ അഭിനന്ദനങ്ങള്‍ വാരി വിതറിയ യുവ എഞ്ചിനീയര്‍ പഞ്ചാബില്‍ 42 ലക്ഷത്തിന്റെ കള്ളനോട്ടുമായാണ് കുടുങ്ങിയത്.

 

മറ്റൊരാള്‍ അകത്തായത് എത്ര വേണേലും ക്യൂനിന്നോളാമെന്നു പറഞ്ഞ തമിഴ്‌നാട്ടിലെ യുവമോര്‍ച്ചക്കാരനാണ്. 20 ലക്ഷവുമായാണ് ടിയാന്‍ അകത്തായത്. പിന്നെ ഉഡായിപ്പിന്റെ കാര്യത്തില്‍ ടിയാന്റെ സ്വന്തം നാട്ടുകാരാണ് ഒരു പടി മുന്നിലുള്ളത്. രാജ്യത്ത് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി മുങ്ങിയ കമ്പനികളുടെ എണ്ണം സര്‍ക്കാര്‍ തന്നെ പുറത്തു വിട്ടപ്പോള്‍ സംഘികളുടെ ഗുജറാത്ത് തന്നെയാണ് ഒന്നാമത്. യാതൊരു വിധ അടയാളങ്ങളും ഗവണ്‍മെന്റിന്റെ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ അപ്രത്യക്ഷമായ 78 കമ്പനികളാണ് രാജ്യത്താകമാനമുള്ളത്. ഇതില്‍ 17 എണ്ണം ഗുജറാത്തില്‍ നിന്നാണ്.

 

യാതൊരു രേഖകളും ബാക്കിവെയ്ക്കാതെ അപ്രത്യക്ഷമായ കമ്പനികള്‍ തട്ടിച്ചത് 312 കോടി രൂപയാണ്. ഫണ്ട് നേടിയെടുത്ത ശേഷം രേഖകളും ബാലന്‍സ് ഷീറ്റും സമര്‍പ്പിക്കാതെയാണ് ഈ കമ്പനികള്‍ സ്ഥലം വിട്ടത്. ഇനിയിപ്പം കള്ളപ്പണം വെളുപ്പിച്ചവരുടെ കാര്യത്തിലും സ്ഥിതി തഥൈവ. ഗുജറാത്തി ബിസിനസുകാരന്‍ മഹേഷ് ഷാ കള്ളപ്പണം വെളിപ്പെടുത്താനുള്ള സര്‍ക്കാറിന്റെ പരിപാടിയില്‍ വെളിപ്പെടുത്തിയത് ഒന്നും രണ്ടും രൂപയല്ല, 13000 കോടി രൂപയാണ്. എന്നിട്ടാണ് ചില ചാണക സംഘികള്‍ ഇവിടെ കിടന്ന് സഹകരണ ബാങ്കില്‍ കള്ളപ്പണം, കള്ളപ്പണം എന്ന് നാഴികക്ക് നാല്‍പത് വട്ടം അലമുറയിടുന്നത്. ഇതിപ്പം പോയിപ്പോയി മുതലയെ പിടിക്കാന്‍ തടാകം വറ്റിച്ച പോലെയാണ് അവസ്ഥ. മുതലക്ക് ക

 

രയിലും ജീവിക്കാം എന്നാല്‍ ചെറുമീനുകള്‍ ചത്തു പൊങ്ങുന്നു. അല്ലേലും 30,000 രൂപയുടെ കൂണു തിന്നുന്നവര്‍ക്ക് 30 രൂപയുടെ പച്ചക്കറി വാങ്ങുന്നവര്‍ ലക്ഷുറി് എന്നു പറയുന്നതിലെ വൈരുദ്ധ്യം അത്രമാത്രം. അല്ലെങ്കിലും ഈ കള്ളപ്പണം ഡയലോഗില്‍ മാത്രമല്ലേ നവംബര്‍ 29 ന് നോട്ട് അസാധു വാക്കിയതിനെ കുറിച്ച് ഡോ. സുബ്ബറാമി റെഡ്ഢി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ നല്‍കിയ മുറുപടിയിലെ ചില വിവരങ്ങള്‍ ഇക്കാര്യം അക്കമിട്ടു നിരത്തുന്നുണ്ട്.

 

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് അഞ്ഞൂറിന്റെ 17,165 ദശലക്ഷം നോട്ടുകളും, ആയിരത്തിന്റെ 6,858 ദശലക്ഷം നോട്ടുകളും ആയിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത് എന്നാണ് മന്ത്രി നല്‍കിയ മുറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത് നോട്ട് അസാധു ആക്കിയ ദിവസം 500, 1000 രൂപ നോട്ടുകളില്‍ ആയി പ്രചാരത്തില്‍ ഉണ്ടായിരുന്നത് 15.44 ലക്ഷം കോടി രൂപ. അതായത് 8.58 ലക്ഷം കോടി രൂപ 500 രൂപ നോട്ടിലും, 6.86 ലക്ഷം കോടി രൂപ 1000 രൂപ നോട്ടിലുമായി രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നുവെന്ന് സാരം. ആര്‍.ബി.ഐയുടെ മുഖ്യ ഉപദേശകനായ അല്‍പന കില്ലിവാലാ നവംബര്‍ 28 ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത് നവംബര്‍ 10 നും 27 നും ഇടയ്ക്ക് ബാങ്കുകളിലേക്ക് എത്തപ്പെട്ട നിക്ഷേപം 8,44,982 കോടി ആണ്. അതായത് 8.45 ലക്ഷം കോടി.
ആര്‍.ബി.ഐ രേഖകള്‍ പ്രകാരം നവംബര്‍ എട്ടിന് ബാങ്കിന്റെ കൈവശം ഉള്ള കരുതല്‍ ധന അനുപാതം 4.06 ലക്ഷം കോടി ആണ്. സാധാരണ ഗതിയില്‍ ഉയര്‍ന്ന മൂല്യം ഉള്ള നോട്ടുകളിലാണ് ഈ പണം റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകളിലേക്ക് കൈമാറുക. ലളിതമായ ഭാഷയില്‍, രേഖകള്‍ പ്രകാരം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ 12.51 ലക്ഷം കോടി രൂപ ഇതിനകം തന്നെ റിസര്‍വ് ബാങ്കില്‍ എത്തി കഴിഞ്ഞുവെന്ന് സാരം. ഇനി എത്തേണ്ടത് മൂന്ന് ലക്ഷം കോടിയില്‍ താഴെ മാത്രം. പഴയ നോട്ടുകള്‍ മാറ്റാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി കിടപ്പുള്ളതിനാല്‍ അസാധുവാക്കിയ നോട്ടുകളില്‍ ചുരുങ്ങിയത് രണ്ടു ലക്ഷം കോടി എങ്കിലും ബാങ്കിലേക്ക് വരുമെന്നു കരുതാം.

 

അങ്ങനെ വന്നാല്‍ ഈ കൊട്ടി ഘോഷിക്കപെട്ട കള്ളപ്പണം എവിടെ എന്ന ചോദ്യം മാത്രം ബാക്കിയാകും. ഒന്നുകില്‍ കള്ളപ്പണം ഇല്ല എന്ന് കരുതേണ്ടി വരും. അല്ലെങ്കില്‍ ഗുജറാത്ത് വ്യവാസായിയെ പോലെ കള്ളപ്പണം ഒക്കെ രണ്ടും കല്‍പിച്ച് ബാങ്കില്‍ നിക്ഷേപിക്കപെട്ടതാകും. അപ്പോഴും സംശയം ബാക്കിയാവുന്നത് ചാണക സംഘികള്‍ പറഞ്ഞ ആ കള്ളപ്പണം ഏതായിരിക്കുമെന്നതിനെ ചൊല്ലിയാണ്.

ലാസ്റ്റ് ലീഫ്:
എ.ടി.എമ്മുകളില്‍ ക്യൂ വര്‍ധിക്കാന്‍ കാരണം ജനസംഖ്യ കൂടുതലുള്ളതിനാലാണെന്ന് ധനകാര്യമന്ത്രി. അപ്പോ ഇനി ചെയ്യാന്‍ എളുപ്പമുള്ളത് ജനസംഖ്യ കുറക്കുകയാണെന്നു സാരം.